സമ്പത്തിന്റെ കസ്റ്റഡി മരണം; കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു

കൊച്ചി: പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. എഡിജിപി മുഹമ്മദ് യാസീന്‍, ഡിഐജി വിജയ് സാഖറെ എന്നിവരെ ഒഴിവാക്കിയുള്ള കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കമനീസാണ് ഇന്നലെ ഫയലില്‍ സ്വീകരിച്ച് ഉത്തരവിട്ടത്.
ഇവരെ പ്രതിയാക്കാനുള്ള തെളിവുകളില്ലെന്ന സിബിഐ കണ്ടെത്തല്‍ അവിശ്വസിക്കേണ്ടതില്ലെന്നു കോടതി കുറ്റപത്രം സ്വീകരിച്ചുകൊണ്ടു സമര്‍പ്പിച്ച ഉത്തരവില്‍ പറയുന്നു. കുറ്റപത്രം സ്വീകരിക്കുന്നതിലൂടെ കേസിന്റെ അന്വേഷണം അവസാനിക്കില്ലെന്നും വിചാരണാ വേളയിലും മറ്റും പുതിയ തെളിവുകള്‍ കണ്ടെത്തുന്ന സാഹചര്യമുണ്ടായാല്‍ ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കുന്നതിനു നിയമ തടസ്സമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
എസ്‌ഐ പി വി രമേഷ്, എസ്‌ഐ ടി എന്‍ ഉണ്ണികൃഷ്ണന്‍, സിവില്‍ പോലിസ് ഓഫിസര്‍ എ പി ശ്യാമപ്രസാദ്, ഡിവൈഎസ്പി സി കെ രാമചന്ദ്രന്‍, ബിനു ഇട്ടൂപ്പ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ജോണ്‍സണ്‍ ലോബോ, ടി ജെ ബ്രിജിത്ത്, പി എ അബ്ദുല്‍ റഷീദ്, എഎസ്‌ഐ കെ രാമചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസറായിരുന്ന കെ മാധവന്‍, ടൗണ്‍ നോര്‍ത്ത് സിവില്‍ ഓഫിസര്‍ എസ് ഷില്ലന്‍, സിഐ എ വിപിന്‍ദാസ് എന്നിവരാണ് കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. വിചാരണയ്ക്കായി ഫെബ്രുവരി 19ലേക്ക് കേസ് മാറ്റി.
Next Story

RELATED STORIES

Share it