Editorial

സമൂഹമാണ് നിരന്തരം ജാഗ്രത പുലര്‍ത്തേണ്ടത്

എറണാകുളം അങ്കമാലി അതിരൂപതയുടെ മേലധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ടിട്ടുള്ള ഭൂമി വില്‍പന വിവാദം സിറോ മലബാര്‍ സഭയ്ക്കകത്ത് പുകഞ്ഞുകത്തുകയാണ്. മതനേതൃത്വങ്ങള്‍ നടത്തുന്ന സാമ്പത്തികാപചയങ്ങള്‍ എന്ന നിലയില്‍ പൊതുസമൂഹവും ഈ പ്രശ്‌നത്തെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ക്രിസ്തീയ സഭകളെ മാത്രം ബാധിക്കുന്ന വിഷയമല്ല മതനേതാക്കളുടെ സാമ്പത്തിക ദുരുപയോഗം. ആത്മീയാചാര്യന്‍മാരുമായും സംഘടനാ നേതാക്കളുമായും ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. പലപ്പോഴും അവയുടെ പേരിലാണ് മതസംഘടനകള്‍ പിളര്‍ന്നിട്ടുള്ളതും. ആ നിലയ്ക്കു നോക്കുമ്പോള്‍ ആലഞ്ചേരി പിതാവ് മാത്രമല്ല വിവാദക്കുരുക്കിലുള്ളത്; മറ്റു മത-ആത്മീയ നേതാക്കളും പ്രതിക്കൂട്ടില്‍ തന്നെയാണ്.ക്രൈസ്തവരുടെ പൊതുസമ്പത്ത് സഭാപിതാക്കള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അതിനുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്നും ഒരു വിഭാഗം ക്രിസ്ത്യാനികള്‍ വാദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈയിടെ അന്തരിച്ച പ്രഫ. ജോസഫ് പുലിക്കുന്നേല്‍ കേരളത്തില്‍ ഈ ആശയത്തിന്റെ ശക്തനായ വക്താവായിരുന്നു. ഹിന്ദുക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ കേരളത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. ഇന്ത്യയിലെ രണ്ടു പ്രബല ന്യൂനപക്ഷങ്ങളാണ് മുസ്‌ലിംകളും സിഖുകാരും. അവരുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ സര്‍ക്കാര്‍ നിര്‍മിച്ച നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. മുസ്‌ലിം വഖ്ഫുകള്‍ നിയന്ത്രിക്കുന്നത് വഖ്ഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ മുതവല്ലികേളാ പ്രാദേശിക ഭരണസമിതികളോ ആണ്. സിഖ് ഗുരുദ്വാരകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണമുണ്ട്. എന്നാല്‍, ക്രിസ്തീയ സഭകള്‍ കൈകാര്യം ചെയ്യുന്ന സമൂഹസമ്പത്തിനുമേല്‍ ഒരു സര്‍ക്കാരിനും ഒരു നിയന്ത്രണവുമില്ല. അല്‍മായരുടെ വകയായി ലഭിക്കുന്ന സമ്പത്താണ് സഭാപുരോഹിതന്‍മാര്‍ കൈകാര്യം ചെയ്യുന്നത്. അതിനു മേല്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലാത്തത് മൂലമാണ് പൗരോഹിത്യത്തിന്റെ സമഗ്രഭരണം നിലനില്‍ക്കുന്നത്. സ്വാഭാവികമായും ഈ ഭരണം ചോദ്യംചെയ്യപ്പെടുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്വത്ത് കൈകാര്യകര്‍തൃത്വം അങ്ങനെയാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെട്ടിട്ടുള്ളത്. ഒരു ജനാധിപത്യ സമൂഹത്തില്‍, മറ്റു മതക്കാര്‍ക്കില്ലാത്ത പ്രത്യേകാവകാശം ക്രിസ്തീയ സഭയ്ക്കു മാത്രം എന്തിന് എന്നതാണ് പ്രസക്തമായ ചോദ്യം. അതേസമയം, മതസ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം അവയുടെ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കാനുമിടയുണ്ട്; വിശേഷിച്ചും സംഘപരിവാരത്തിന് ആധിപത്യമുള്ള കാലത്ത്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും മറ്റും ഇത്തരം നിയന്ത്രണങ്ങള്‍ ദോഷകരമായി ഭവിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. എങ്കിലും മതത്തിന്റെ പേരു പറഞ്ഞ് പൗരോഹിത്യത്തെ കെട്ടഴിച്ചുവിടുന്നത് അഭികാമ്യമല്ല എന്നതും മറന്നുകൂടാ. ആള്‍ദൈവങ്ങളും മറ്റും ഈ അവസ്ഥ ദുരുപയോഗപ്പെടുത്തിയാണ് തടിച്ചുകൊഴുക്കുന്നത്. അതിനാല്‍ ഇത്തരം വിഷയങ്ങളില്‍ നിയമത്തേക്കാള്‍ ശരിയായ ജാഗ്രതയാണ് ആവശ്യം. സമൂഹമാണ് ആ ജാഗ്രത സജീവമാക്കി നിലനിര്‍ത്തേണ്ടത്.
Next Story

RELATED STORIES

Share it