സമൂഹനന്മയ്ക്കുള്ള പോരാട്ടമായിരുന്നു സി കേശവന് രാഷ്ട്രീയം: ഗവര്‍ണര്‍

തിരുവനന്തപുരം: സമൂഹനന്മയ്ക്കുള്ള പോരാട്ടമായിരുന്നു സി കേശവന് രാഷ്ട്രീയമെന്ന് ഗവര്‍ണര്‍ പി സദാശിവം അഭിപ്രായപ്പെട്ടു. സി കേശവന്‍ സ്മാരക പോസ്‌റ്റേജ് സ്റ്റാമ്പിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേശവന്റെ വിശ്രമമില്ലാത്ത വിപ്ലവകരമായ പോരാട്ടങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയമേഖലയ്ക്ക് ഉണര്‍വായി. ശ്രീനാരായണ ഗുരുവിന്റെയും കാറല്‍ മാര്‍ക്‌സിന്റെയും ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. അനീതിക്കും അസമത്വത്തിനുമെതിരായ സന്ധിയില്ലാ പോരാട്ടമാണ് തന്റെ കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്ന് സി കേശവനെ വ്യത്യസ്തനാക്കുന്നത്.  സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും താന്‍ വിശ്വസിക്കുകയും പോരാടുകയും ചെയ്യുന്ന വിഷയങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ ദ്ദേഹത്തിനായി.
നവോത്ഥാന നായകനായ സി കേശവനുള്ള അര്‍ഹിക്കുന്ന ആദരവാണ് സ്റ്റാമ്പ്. തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ കൂലി കേരളം പരിഷ്‌കരിച്ച ഈസമയത്ത് 1951ല്‍ കുറഞ്ഞ കൂലി നിശ്ചയിച്ച സി കേശവനെ ആദരിക്കുന്നത് ഏറ്റവും പ്രസക്തമാണ്. ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ കുറഞ്ഞ കൂലി പരിഷ്‌കരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കേരള സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദനാര്‍ഹമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിയാണ് സി കേശവന്‍. തിരുകൊച്ചി മുഖ്യമന്ത്രി, പട്ടം താണുപിള്ള മന്ത്രിസഭയിലെ അംഗം, സജീവ അഭിഭാഷകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, ഗായകന്‍, നടന്‍, പ്രസംഗകന്‍ എന്നീ നിലകളില്‍ അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്  സ്ഥാപിക്കാനുള്‍പ്പെടെ മുന്‍കൈയെടുത്തത് സി കേശവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ജി സുധാകരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് സംസാരിച്ചു. സാംസ്‌കാരിക വകുപ്പാണ് സി കേശവന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it