kozhikode local

സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ കുട്ടികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം: മുഖ്യമന്ത്രി

കോഴിക്കോട്: സമൂഹത്തെ ബാധിക്കുന്ന ഏത് വിഷയത്തെ സംബന്ധിച്ചും കുട്ടികള്‍ക്ക് സര്‍ക്കാറിന് കത്തുകള്‍ അയക്കാമെന്നും ഇത്തരത്തില്‍ കുട്ടികള്‍ ശ്രദ്ധയില്‍പെടുത്തുന്ന വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ ചുറ്റുപാടുമുള്ള വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അപ്പോള്‍ മാത്രമേ ഉത്തരവാദിത്വമുള്ള തലമുറയായി വളരാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഹരിത കേരളാ മിഷന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് സ്‌നേഹപൂര്‍വം എഴുതിയ കത്തുകളില്‍ മികച്ചവക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ വലിയ ആശയങ്ങളാണ് കുട്ടികള്‍ അവരുടെ കത്തിലൂടെ പങ്കുവെച്ചത്. അവ വായിക്കുമ്പോള്‍, ഈ കുട്ടികള്‍ ഭാവിയിലെ പൗരന്‍മാരല്ല ഇന്നിന്റെ തന്നെ പൗരന്‍മാരാണെന്നു ബോധ്യപ്പെടും. നാടിന്റെ ഭാവിയിലേക്കുള്ള ചൂചകങ്ങളായിരുന്നു കുട്ടികള്‍ എഴുതിയ ഓരോ കത്തും. വലിയ വലിയ ആശയങ്ങള്‍ ചിന്തിക്കാനും അവ പ്രതിഫലിപ്പിക്കാനുമുള്ള അക്ഷരങ്ങളും നമ്മുടെ കുട്ടികള്‍ സ്വായത്തമാക്കിക്കഴിഞ്ഞു. ഇതിലൂടെ നാം തിരിച്ചറിയുന്നത് നാട് ഭദ്രമാണ് എന്നുതന്നെയാണ്. കുട്ടികള്‍ നിര്‍ദ്ദേശിച്ച ആശയങ്ങള്‍ കേരളാ മിഷന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും.
കേരളത്തില്‍ എവിടെയെല്ലാം വെള്ളമുണ്ടോ അതെല്ലാം ശുദ്ധീകരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. നദികളും കുളങ്ങളും കിണറുകളും എന്നുവേണ്ട മുഴുവന്‍ ജലസ്രോതസുകളും ശുദ്ധീകരിച്ച് അവയിലെ വെള്ളം കുടിക്കാന്‍ പറ്റുന്ന തരത്തിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാട്് ഒന്നായി ചിന്തിച്ച് നിര്‍വഹിക്കേണ്ട കടമയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നടക്കാവ് ഗവ.ഗേള്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍, കുട്ടികള്‍ എഴുതിയ കത്തുകള്‍ ചേര്‍ത്ത് പസിദ്ധീകരിച്ച പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു വി ജോസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്‌കുമാര്‍, ടി വി സുരേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it