സമൂഹത്തിന്റെ മനോഭാവം മാറണം: ജസ്റ്റിസ് കെ ടി തോമസ്‌

കോട്ടയം: നിയമംകൊണ്ടു മാത്രം കുറ്റകൃത്യങ്ങള്‍ തടയാനാവില്ലെന്നും മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണെന്നും ജസ്റ്റിസ് കെ ടി തോമസ്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും കോട്ടയം പ്രസ് ക്ലബ്ബും സംയുക്തമായി കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പോക്‌സോ നിയമം മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ സംബന്ധിച്ച് അവബോധമുണ്ടായാല്‍ മാത്രം പോര. ലൈംഗികമായ കുറ്റകൃത്യങ്ങള്‍ 95 ശതമാനവും പുരുഷന്‍ സ്ത്രീകള്‍ക്കെതിരേ നടത്തുന്നതാണ്. ഇതിനെ ശാസ്ത്രീയമായി നേരിടണം. അതിനുള്ള പരിശീലനം സമൂഹത്തിനു നല്‍കണം. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണതയുണ്ട്. അവിടെ നിര്‍ദോഷികള്‍ ഇരകളായിത്തീരുന്നു. ഓരോ കുറ്റകൃത്യവും തടയാന്‍ നിയമങ്ങളുണ്ടായിട്ടും കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല എന്നത് നമ്മുടെ നിയമചരിത്രം നോക്കിയാല്‍ മനസ്സിലാവും. മായംചേര്‍ക്കല്‍ നിയമവും ലഹരിക്കെതിരായ നിയമവും നടപ്പാക്കിയ ശേഷമാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള പല കുറ്റകൃത്യങ്ങള്‍ക്കും അജ്ഞത കാരണമാവുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ ശാസ്ത്രീയ പരിശീലനമാണു നല്‍കേണ്ടത്. നിലവിലെ നിയമം പലതും അപര്യാപ്തമായതിനാലാണ് പോക്‌സോ നിയമം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പോക്‌സോ നിയമം ഒരു അവകാശസംരക്ഷണ നിയമമാണെന്നും അതില്‍ വിട്ടുവീഴ്ചകളൊന്നും നടക്കില്ലെന്നും അധ്യക്ഷത വഹിച്ച ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസ്‌ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് ആമുഖപ്രഭാഷണം നടത്തി.ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ്, ബാലാവകാശ കമ്മീഷന്‍. ശിശുക്ഷേമസമിതി എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it