ernakulam local

സമൂഹം കൈവരിച്ച പുരോഗതിക്ക് കാരണം  അംബേദ്കറുടെ പരിശ്രമം : ജസ്റ്റിസ് സുകുമാരന്‍

കൊച്ചി: താഴെക്കിടയിലുള്ള ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള അംബേദ്കറുടെ ശ്രമങ്ങളും അതിനായി അദ്ദേഹം അനുഭവിച്ച ത്യാഗങ്ങളുമാണ് സമൂഹം ഇന്നു കൈവരിച്ചിട്ടുള്ള പുരോഗതിക്ക് കാരണമെന്ന് ജസ്റ്റിസ് കെ സുകുമാരന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ടികെസി വടുതല ഫൗണ്ടേഷനും ചേര്‍ന്ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച 57ാമത് അംബേദ്കര്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തന്റെ സമയവും ആരോഗ്യവും മാറ്റിവച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണമായ ആഗ്രഹമാണ് സമൂഹം ഇന്നു കാണുന്ന പുരോഗതി. സമൂഹത്തില്‍ അതിക്രൂരമായ വിധത്തില്‍ വിവേചനം നിലനിന്ന കാലമുണ്ടായിരുന്നു. സൈനിക ഓഫിസറായിരുന്ന അച്ഛനോടൊപ്പം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അംബേദികറില്‍ സമൂഹത്തെക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ടാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആ ബോധ്യത്തില്‍നിന്നാണ് അസമത്വത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യം അദ്ദേഹം ആര്‍ജിച്ചത്. ചെറുപ്രായത്തില്‍ തന്നെ മര്‍ദിത വിഭാഗങ്ങള്‍ നേരിടുന്ന ക്രൂരതയെക്കുറിച്ച് ഗാന്ധിജിയുമായി അംബേദ്കര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കേണ്ട ഘട്ടത്തില്‍ ഗാന്ധിജി അംബേദ്കറെയാണ് ആ ദൗത്യമേല്‍പ്പിച്ചത്. ഹരിജനങ്ങള്‍ക്കായി വാദിച്ച യുവാവിനെ പിന്നീട് ഇന്ത്യയുടെ ഭാവി തന്നെ നിര്‍ണയിക്കാന്‍ തക്ക കാര്യശേഷിയുള്ളവനായാണ് ഗാന്ധിജി കണ്ടത്. അതിനാലാണ് ഇന്ത്യ പുരോഗതി കൈവരിച്ചത്. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും നന്മകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയാണ് ലോകത്തില്‍ ഇന്നു മികച്ചു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അംബേദ്കറുടെ സംരക്ഷണയില്‍ വളര്‍ന്ന ജനവിഭാഗത്തില്‍ ഇത്തരം ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുണ്ടാവുന്നില്ലെന്ന് ജസ്റ്റിസ് പറഞ്ഞു.
Next Story

RELATED STORIES

Share it