Districts

സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന നോട്ടീസ്; എസ്എന്‍ഡിപി ചങ്ങനാശ്ശേരി യൂനിയന് തിര. കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന് എസ്എന്‍ഡിപി ചങ്ങനാശ്ശേരി യൂനിയന്‍ ഭാരവാഹികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു. സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്നാണു നടപടി. ചങ്ങനാശ്ശേരി യൂനിയന്‍ പുറത്തിറക്കിയ നോട്ടീസ് ഗൗരവത്തോടെയാണു കാണുന്നതെന്ന് കമ്മീഷന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ താക്കീത് നല്‍കി.
ചങ്ങനാശ്ശേരി യൂനിയന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ശ്രീനാരായണഗുരുവിനെ സിപിഎം അധിക്ഷേപിച്ചെന്നും സിപിഎമ്മിനെതിരായി വോട്ട് രേഖപ്പെടുത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവരെ പരാജയപ്പെടുത്തണമെന്നും എസ്എന്‍ഡിപി യോഗം സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നുമായിരുന്നു നോട്ടീസ്. മൈക്രോ ഫിനാന്‍സിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചെന്നും നമ്മുടെ ദൈവമായ ശ്രീനാരായണഗുരുദേവനെ ആക്ഷേപിച്ച സിപിഎമ്മിന് തക്കശിക്ഷ നല്‍കണമെന്നും സിപിഎം സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
നോട്ടീസ് മുനിസിപ്പല്‍ ആക്റ്റ് 145 പ്രകാരവും കേരള പഞ്ചായത്തീരാജ് ആക്റ്റ് 121, 126(ബി) എന്നീ വകുപ്പുപ്രകാരവും തിരഞ്ഞെടുപ്പുചട്ട വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എസ്എന്‍ഡിപി യൂനിയന്‍ ഈഴവസമൂഹത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമായി രൂപംകൊടുത്ത സംഘടനയാെണങ്കിലും മതസമൂഹങ്ങള്‍ക്കിടയില്‍ വെറുപ്പും ശത്രുതയും പരത്തുന്നതും ആളുകളെ വംശത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നതുമായതുകൊണ്ട് നോട്ടീസിന്റെ ഉള്ളടക്കം ഗൗരവത്തോടെയാണു കാണുന്നതെന്ന് കമ്മീഷന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം പുറത്തിറക്കിയ നോട്ടീസ് ചട്ടവിരുദ്ധമാണെന്നു കാണിച്ച് സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ വി റസ്സല്‍ നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എസ്എന്‍ഡിപി യൂനിയന്‍ പ്രസിഡന്റ് ശശികുമാര്‍, സെക്രട്ടറി ചന്ദ്രന്‍ എന്നിവരുടെ പേരിലാണ് നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തത്. ഇരുവരെയും കമ്മീഷന്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. ഇവര്‍ ഉന്നയിച്ച വാദങ്ങള്‍ കമ്മീഷന്‍ തള്ളി.
Next Story

RELATED STORIES

Share it