സമാര്‍കോ ഖനന കമ്പനിക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ബ്രസീലിയ: ഖനന ഭീമനായ സമാര്‍കോയ്‌ക്കെതിരേ 5.2 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നു ബ്രസീല്‍ സര്‍ക്കാര്‍. ഇരുമ്പൈര് ഖനന കേന്ദ്രത്തിലെ മാലിന്യ ജലസംഭരണി തകര്‍ന്ന് വന്‍ പാരിസ്ഥിതിക ദുരന്തം ഉണ്ടായതിനെത്തുടര്‍ന്നാണ് കമ്പനിക്കെതിരേ കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ അഞ്ചിനാണ് രണ്ടു ജലസംഭരണികള്‍ തകര്‍ന്നത്. തുടര്‍ന്ന് മണ്ണിടിച്ചിലുമുണ്ടായി. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖനനത്തെ തുടര്‍ന്നാണ് ഡാമിനു ബലക്ഷയം സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. മണ്ണില്‍നിന്ന് ഖനനപ്രദേശത്തെ ധാതുലവണങ്ങളും കണ്ടെത്തിയിരുന്നു. ജല സംഭരണി തകര്‍ന്നുണ്ടായ ജലപ്രവാഹത്തില്‍ ഗ്രാമം തകരുകയും വലിയ പ്രദേശത്തെ കുടിവെള്ളം മലിനമാവുകയും ചെയ്തിരുന്നു.
പാരിസ്ഥിതിക സന്തുലനം തിരിച്ചുകൊണ്ടുവരുന്നതിനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പണം ആവശ്യമുണ്ടെന്നു പാരിസ്ഥിതിക മന്ത്രി ഇസബെല്ല തെയ്ക്‌സീരിയ പറഞ്ഞു. നേരത്തേ കമ്പനിക്കെതിരേ പരിസ്ഥിതി അധികൃതര്‍ പിഴ ചുമത്തുകയായിരുന്നു. ആംഗ്ലോ ആസ്‌ത്രേലിയന്‍ കമ്പനിയാണ് സമാര്‍ക്കോ.
Next Story

RELATED STORIES

Share it