സമാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല: സുരഭി ലക്ഷ്മി

തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ക്ഷണിച്ചില്ലെന്ന വിവാദങ്ങളോടു ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മി പ്രതികരിച്ചു. മേളയുടെ സമാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാനാവില്ല. ഫുജൈറയില്‍ നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണു സമാപനച്ചടങ്ങ് ഒഴിവാക്കുന്നത്. നേരത്തെ ക്ഷണം കിട്ടിയിരുന്നെങ്കില്‍ ചടങ്ങില്‍ ഉറപ്പായും പങ്കെടുത്തേനെയെന്നും സുരഭി പറഞ്ഞു. ചലച്ചിത്രമേളയ്ക്ക് സമാന്തരമായി തിരുവനന്തപുരം ലെനിന്‍ ബാലവാടിയില്‍ നടന്നുവരുന്ന കാഴ്ച ചലച്ചിത്രമേളയില്‍ എത്തിയപ്പോഴായിരുന്നു സുരഭിയുടെ പ്രതികരണം. ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് താനാരോടും പരാതി പറഞ്ഞിട്ടില്ലെന്ന് നടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് ഒരു പരാതിയുമില്ല. എന്നാല്‍, മേളയുടെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന സമയത്ത് ഒരു മാധ്യമസുഹൃത്ത് വിളിച്ച് താന്‍ പങ്കെടുക്കുന്നുണ്ടോയെന്നു ചോദിച്ചിരുന്നു. സംസ്ഥാന പുരസ്‌കാര ജേതാവായ രജിഷ വിജയനുള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടെന്നും സുരഭിയെ വേദിയില്‍ കണ്ടില്ലല്ലോയെന്നും ചോദിച്ചു. ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചില്ലേ എന്ന അവരുടെ ചോദ്യത്തിന് ഇല്ലെന്നു മറുപടി നല്‍കി. അതാണ് വാര്‍ത്തയായതും വിവാദത്തിന് ഇടയാക്കിയതെന്നും സുരഭി വ്യക്തമാക്കി. അവസാന നിമിഷംവരെ പാസിനായി ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ലെന്ന് അവരോട് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് നടന്‍ മണിയന്‍പിള്ള രാജുവിന്റെ നിര്‍ദേശപ്രകാരം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെ വിളിച്ചിരുന്നു. പാസ് ലഭ്യമാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട വിഭാഗത്തില്‍നിന്ന് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും വിളിയൊന്നും ഉണ്ടായില്ലെന്നത് സത്യമാണ്. എന്നാല്‍ ഈ നിമിഷംവരെ പാസ് നിഷേധിച്ചെന്നോ പാസ് വീട്ടില്‍ കൊണ്ടുവന്ന് തരണമെന്നോ ആദരിക്കണമെന്നോ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുരഭി പറഞ്ഞു. എല്ലാ തവണയും ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങള്‍ പതിവാണെന്നും ഇത്തവണ തന്റെ പേരിലായി എന്നു മാത്രമേയുള്ളൂവെന്നും സുരഭി ചൂണ്ടിക്കാട്ടി. സമാന്തര ചലച്ചിത്രമേള എന്ന രീതിയിലല്ല ഇവിടെ എത്തിയത്, തനിക്ക് അവാര്‍ഡ് ലഭിച്ച ചിത്രമായ മിന്നാമിനുങ്ങിന്റെ സിഡി പ്രകാശനംകൂടിയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്ക് വിരാമമിട്ട് സുരഭി ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് സ്വീകരിച്ചു. ഇന്നലെ വൈകീട്ട് ആറോടെ മേളയുടെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററിലെത്തി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളില്‍ നിന്നാണ് പാസ് സ്വീകരിച്ചത്. വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ തനിക്കുണ്ടായ മനോവിഷമത്തില്‍ അക്കാദമി ഖേദം പ്രകടിപ്പിക്കുന്നതായി ബീനാ പോള്‍ പറഞ്ഞെന്നും സുരഭി അറിയിച്ചു.
Next Story

RELATED STORIES

Share it