wayanad local

സമാനതകളില്ലാത്ത വ്യക്തിത്വമായി സജിമോന്‍

കോറോം: കോട്ടയം മുട്ടുചിറ സ്വദേശിനി മായക്ക് വയനാട് സ്വദേശി സജിമോന്റെ രൂപം ദൈവത്തിന് സമാനം. ഇരു വൃക്കകളും തകരാറിലായി ചികില്‍സയില്‍ കഴിയുമ്പോഴാണ് ദൈവത്തിന്റെ രൂപത്തില്‍ സജിമോന്‍ വൃക്ക ദാനംചെയ്യാമെന്ന വാക്കുമായെത്തുന്നത്. മക്കിയാട് കാഞ്ഞിരങ്ങാട് പൂരിഞ്ഞിമലയില്‍ നെടുങ്കോട്ടയില്‍ കര്‍ഷകത്തൊഴിലാളിയാണ് സജിമോന്‍.
വൃക്കകളിലൊന്ന് പകുത്തു നല്‍കി യുവതിയുടെ ജീവന്റെ കാവലാളായ കഥയാണ് സജിമോന്റേത്. മകന്റെ ഓര്‍മയിലാണ് ഈ അച്ഛന്റെ വൃക്കദാനം. വൃക്കദാനത്തിലേക്ക് സജിമോനെ നയിച്ചത് ഒരു വാര്‍ത്തയാണ്. രണ്ടു വര്‍ഷം മുമ്പൊരു ദിവസം ടിവി കാണുമ്പോഴാണ് വൃക്കദാനത്തെക്കുറിച്ചുള്ള വാര്‍ത്ത സജിമോന്‍ കാണാനിടയായത്. മക്കളോടൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ മകന്‍ ആല്‍ബിന്റെ ചോദ്യമാണ് വൃക്കദാനമെന്ന സല്‍പ്രവൃത്തിക്ക് സജിമോനെ പ്രേരിപ്പിച്ചത്. രണ്ടു വൃക്കകളുമുള്ളയാള്‍ ജീവിച്ചിരിക്കുമെന്ന് എന്താണ് ഉറപ്പെന്ന മകന്റെ ചോദ്യം മനസ്സില്‍ തട്ടി.
ഇതെല്ലാം കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ആല്‍ബിന്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കവെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. ഈ സംഭവത്തിനു ശേഷം സജിമോന്‍ കുടുംബത്തിന്റെ അനുവാദത്തോടെ വൃക്ക ദാനംചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മേലുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്തു.
പിന്നീട് പരിശോധനകള്‍ക്കും കൗണ്‍സലിങുകള്‍ക്കും ശേഷം കോട്ടയം മുട്ടുചിറ സ്വദേശിനി 23കാരിയായ മായ കെ പത്മനാഭന് കിഡ്‌നികളിലൊന്ന് സജി ദാനം ചെയ്തു. 20 സെന്റ് സ്ഥലത്ത് ഒരു കൂരയില്‍ ഭാര്യ മിനിയും മക്കളായ മെല്‍വിനും ഡൊമിനിക്കിനും പിതാവ് മത്തായിക്കുമൊപ്പം കഴിയുന്ന സജി ഭാവിയെക്കുറിച്ചൊന്നുമല്ല ചിന്തിച്ചത്. സഹജീവിയുടെ ജീവന്‍ മാത്രമായിരുന്നു ഇയാള്‍ക്ക് മുന്നില്‍. ഒപ്പം എപ്പോഴും കാതില്‍ പ്രതിധ്വനിക്കുന്ന ആല്‍ബിന്റെ ചോദ്യവും.
Next Story

RELATED STORIES

Share it