World

സമാധാന ചര്‍ച്ച: ഇന്ത്യയുടെ പിന്മാറ്റം നിരാശാജനകമെന്ന് ഇംറാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: സമാധാനചര്‍ച്ചയില്‍ നിന്നു പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം നിരാശാജനകമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ദീര്‍ഘവീക്ഷണമില്ലാത്ത ആളുകളാണ് ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്നതെന്നും ഇംറാന്‍ ആരോപിച്ചു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും തമ്മില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയില്‍വച്ച് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കശ്മീരില്‍ മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറുകയായിരുന്നു. സുരക്ഷാ സൈന്യം വെടിവച്ചുകൊന്ന ബുര്‍ഹാന്‍ വാനിയുടെ സ്മരണാര്‍ഥം പാകസ്താന്‍ സ്റ്റാമ്പ് പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു.
“സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള എന്റെ ആഹ്വാനത്തോട് ധിക്കാരപരവും നിഷേധാത്മകവുമായ ഇന്ത്യയുടെ പ്രതികരണത്തില്‍ നിരാശയുണ്ട്. എന്നിരുന്നാലും ഉന്നതപദവികള്‍ വഹിക്കുന്ന, വലിയ കാന്‍വാസില്‍ ലോകം കാണാനുള്ള ദീര്‍ഘവീക്ഷണമില്ലാത്ത ധാരാളം ആളുകളെ ജീവിതത്തിലുടനീളം കണ്ടുവന്നിട്ടുള്ളയാളാണ് ഞാന്‍’- ഇംറാന്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, പാക് പ്രധാനമന്ത്രിയുടെ യഥാര്‍ഥ മുഖം അധികാരമേറ്റ് രണ്ടു മാസത്തിനകം ലോകത്തിനു വ്യക്തമായി എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
നേരത്തേ ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ പുതിയ തലത്തിലെത്തുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് വെള്ളിയാഴ്ച വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച റദ്ദാക്കിയതായി അറിയിച്ചത്.
പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ഉടന്‍ നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ഇംറാന്‍ ഖാന്‍ ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.



Next Story

RELATED STORIES

Share it