സമാധാനപ്രചാരകരെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സമാധാന സന്ദേശവുമായി സൈക്കിള്‍ റാലി നടത്തുകയായിരുന്ന മൂന്നു യുവാക്കളെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയയതായി പോലിസ് അറിയിച്ചു. പൂനെ സ്വദേശികളായ ആദര്‍ശ് പാട്ടീല്‍, വിലാസ് പലാകെ, ശ്രീകൃഷ്ണ ഷെവാലെ എന്നിവരെയാണ് ബിജാപൂര്‍ ജില്ലയിലെ ബസഗൂഡയില്‍ നിന്നു തട്ടിക്കൊണ്ടുപോയത്. ഇവരെ പിന്നീട് വിട്ടയച്ചു. മാവോവാദി കമാന്‍ഡര്‍ പപ്പാറാവുവിന്റെ കസ്റ്റഡിയിലായിരുന്ന യുവാക്കളെ സുക്മ ജില്ലയില്‍ നിന്നാണു വിട്ടയച്ചതെന്നു ബസ്തര്‍ റേഞ്ച് പോലിസ് ഐജി എസ് ആര്‍ പി കല്ലൂരി പറഞ്ഞു.
യുവാക്കളെ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ ഉടന്‍ ദക്ഷിണ ബസ്തറില്‍ മാവോവാദികള്‍ക്കെതിരായ എല്ലാ സൈനിക നടപടികളും പോലിസ് നിര്‍ത്തിവച്ചു. യുവാക്കള്‍ എവിടെയാണെന്നു മനസ്സിലാക്കിയ പോലിസ് മാവോവാദികളുമായി ചര്‍ച്ചനടത്തി. തുടര്‍ന്നാണു ബന്ദികളെ അവര്‍ വിട്ടയച്ചതെന്നു കല്ലൂരി പറഞ്ഞു. എന്നാല്‍ മാവോവാദികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പോലിസ് വെളിപ്പെടുത്തിയില്ല.
ഡിസംബര്‍ 20നാണു യുവാക്കള്‍ പൂനെയില്‍ നിന്ന് സൈക്കിള്‍ യാത്ര തുടങ്ങിയത്. മാവോവാദികള്‍ക്കു സ്വാധീനമുള്ള മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ സമാധാന സന്ദേശം പ്രചരിപ്പിക്കുകയാണ് സൈക്കിള്‍ റാലിയുടെ ലക്ഷ്യം. ഒഡീഷയിലെ ബലമേലയില്‍ ഈ മാസം 10നാണ് റാലിയുടെ സമാപനം.
Next Story

RELATED STORIES

Share it