malappuram local

സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തണം: ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ സമാധാന പൂര്‍ണമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി അഭ്യര്‍ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത ജില്ലയിലെ അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങളൊന്നുമില്ലാത്ത തിരഞ്ഞെടുപ്പിന് എല്ലാവരുടെയും പിന്തുണ വേണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും പൂര്‍ണമായി പാലിക്കണം. സംഘര്‍ഷങ്ങള്‍ക്ക് സാഹചര്യമൊരുക്കരുത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫിസര്‍മാര്‍ക്കു കീഴില്‍ വിവിധ വിഭാഗങ്ങളും സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ച് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും സംശയദൂരീകരണം നടത്തുന്നതിന് ജില്ലയില്‍ മൂന്നംഗ പ്രത്യേക വിങിന് രൂപംനല്‍കിയതായും കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും 1800 4254960 ടോള്‍ഫ്രീ നമ്പറില്‍ ഇവരെ ബന്ധപ്പെടാം. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലും പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തോടനുബന്ധിച്ച് ഇതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് വേണമെന്നും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും കലക്ടര്‍ പറഞ്ഞു. 28 ലക്ഷമാണ് ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. ഫലം വന്ന് 30 ദിവസത്തിനകം കണക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കണം. പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകള്‍ കണക്കാക്കുന്നതിന് പ്രത്യേക നിരക്ക് പട്ടിക തയ്യാറായതായും മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതിന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it