സമാധാനപരമായ തിരഞ്ഞെടുപ്പ്  ഉറപ്പാക്കണം: ഹൈക്കോടതി

സ്വന്തം പ്രതിനിധി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പ്രശ്‌നബാധിത ബൂത്തുകളില്‍ ക്രമസമാധാനം ഉറപ്പുവരുത്താനും സിസിടിവി അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരിനും നിര്‍ദേശം നല്‍കി.
കണ്ണൂര്‍ ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച 24 ഹരജികളില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ 14 വാര്‍ഡുകളില്‍ എതിരില്ലാതെ സിപിഎം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നും ഈ പ്രദേശങ്ങളില്‍ ഭീഷണിപ്പെടുത്തിയാണ് പലരെയും മല്‍സരത്തില്‍ നിന്നു പിന്തിരിപ്പിച്ചതെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. തളിപ്പറമ്പ് എട്ടാം വാര്‍ഡിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായ കടമ്പേരി സ്വദേശി അബ്ദുല്‍ സമദ് സമര്‍പ്പിച്ച ഹരജിയില്‍ തനിക്കെതിരേ ഭീഷണിയുണ്ടെന്നും പ്രദേശങ്ങളില്‍ വ്യാപകമായി കള്ളവോട്ട്, ബൂത്തുപിടിത്തം, ആള്‍മാറാട്ടം തുടങ്ങിയ ക്രമക്കേടുകള്‍ക്കു സാധ്യതയുണ്ടെന്നും പറയുന്നു.
പത്രിക പിന്‍വലിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും സമാധാനപരമായ തിരഞ്ഞെടുപ്പിന് പോലിസ് സംരക്ഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹരജികള്‍ പരിഗണിക്കവേ പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകള്‍ സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയതായി തിരഞ്ഞെടുപ്പു കമ്മീഷനും കോടതിയെ അറിയിച്ചു.
പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പു കമ്മീഷന് സിസിടിവി സ്ഥാപിക്കാമെന്നും ഇക്കാര്യത്തില്‍ എസ് രഘുനാഥ് കേസില്‍ ഡിവിഷന്‍ ബഞ്ചിന്റെ മുന്‍ ഉത്തരവുണ്ടെന്നും ജസ്റ്റിസ് വി ചിദംബരേശ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ സംബന്ധിച്ച് പോലിസ് വിവരങ്ങള്‍ ശേഖരിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ ജില്ലാ കലക്ടര്‍മാരുമായി കൂടിയാലോചന നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it