Flash News

സമാധാനത്തിലേക്ക് ഒരു ചുവട്‌

സിംഗപ്പൂര്‍ സിറ്റി: ലോകം ഉറ്റുനോക്കിയ ട്രംപ്-കിം  കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ധാരണ. രാജ്യത്തെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ തയ്യാറാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചതായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ചരിത്രപ്രധാന കൂടിക്കാഴ്ച നടന്നത്.
ആണവനിരായുധീകരണ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള കരാറിലാണ് ഇന്നലെ ഇരുനേതാക്കളും ഒപ്പുവച്ചത്. ധാരണപ്രകാരം ദക്ഷിണകൊറിയന്‍ ഉപദ്വീപിലെ സൈനികാഭ്യാസം അമേരിക്ക നിര്‍ത്തും. എന്നാല്‍, സൈനിക സാന്നിധ്യം തല്‍ക്കാലം പിന്‍വലിക്കില്ല. വലിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ലെങ്കിലും സമാധാന ധാരണകളോടെ കൂടിക്കാഴ്ച വിജയിച്ചെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണയിലെത്തിയിട്ടുണ്ട്. കൊറിയക്ക് വേണ്ട സുരക്ഷ നല്‍കുമെന്ന് അമേരിക്ക ഉറപ്പു നല്‍കിയപ്പോള്‍ കൊറിയന്‍ ഉപദ്വീപിനെ സമ്പൂര്‍ണ ആണവ നിരായുധീകരണ മേഖലയാക്കുമെന്ന് കിമ്മും വ്യക്തമാക്കി. ജനങ്ങളുടെ അഭിവൃദ്ധിക്കും സമാധാനത്തിനും വേണ്ടിയാണ് പുതിയ ബന്ധമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. യുദ്ധത്തില്‍ കാണാതായവരെ കണ്ടെത്താനും കണ്ടെത്തിയവരെ പുനരധിവസിപ്പിക്കാനും ധാരണയായി.
അതേസമയം, ഉത്തരകൊറിയക്കു മേലുള്ള സാമ്പത്തിക ഉപരോധം പിന്‍വലിച്ചിട്ടില്ല. ഇരു രാജ്യങ്ങളുടെയും ദേശീയപതാകയ്ക്കു മുന്നില്‍ നിന്ന് നേതാക്കള്‍ ഹസ്തദാനം ചെയ്താണ് കൂടിക്കാഴ്ച ആരംഭിച്ചത്. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് തുടങ്ങിയ സൗഹൃദ ചര്‍ച്ച 40 മിനിറ്റ് നീണ്ടു. തുടര്‍ന്ന് നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍ രണ്ടര മണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം ഇരുനേതാക്കളും ഉച്ചഭക്ഷണത്തിന് പിരിഞ്ഞു.  തുടര്‍ന്ന് ട്രംപും കിമ്മും മാധ്യമങ്ങളെ കാണുകയും ധാരണ കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ട്രംപിനൊപ്പം സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍  പങ്കെടുത്തു. കിമ്മിനൊപ്പം കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിംയോങ് ചോള്‍, വിദേശകാര്യ മന്ത്രി റി യോങ്‌ഹൊ, മുന്‍ വിദേശകാര്യമന്ത്രി റി സുയോങ് എന്നിവരുണ്ടായിരുന്നു.
ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ നേതാവും മുഖാമുഖം ചര്‍ച്ച നടത്തുന്നത്. യുദ്ധത്തിന്റെ വക്കില്‍ വരെ എത്തിയ തുടര്‍ച്ചയായ വെല്ലുവിളികള്‍ക്കും ചൂടേറിയ വാക്കുതര്‍ക്കത്തിനും ഒടുവിലാണ് പൊടുന്നനെ ഇരുവരും സമാധാനപാതയിലേക്ക് നീങ്ങിയത്. അതേസമയം, കൂടിക്കാഴ്ച വിജയകരമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇരുരാജ്യങ്ങളും ധാരണയില്‍ പ്രതിജ്ഞാബദ്ധമല്ല. ഏതു സമയവും തകരാവുന്ന ബന്ധമാണ് കൊറിയയും യുഎസും തമ്മിലുള്ളതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it