സമാധാനത്തിന് ആഹ്വാനം ചെയ്ത് രാജ്‌നാഥ് സിങ്‌

ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആഹ്വാനം ചെയ്തു. വെയിവയ്പിനിടയായ സാഹചര്യങ്ങള്‍ സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. കൂട്ടക്കൊല സിബിഐ അന്വേഷിക്കണമെന്നും സംഭവത്തിന് ഉത്തരവാദികളായ ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് സൂപ്രണ്ട്, മറ്റു പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ ജി എസ് മണി പൊതുതാല്‍പര്യ ഹരജി നല്‍കിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 25 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. തൂത്തുക്കുടി, കന്യാകുമാരി അടക്കം തമിഴ്‌നാട്ടിലെ മറ്റു ജില്ലകളില്‍ സംഭവത്തിനുശേഷം ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലും ഹരജി നല്‍കി. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഇടപെടുകയോ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it