Readers edit

സമാധാനത്തിന്റെ സൂഫിവര്യന്മാര്‍

എ ടി അഷ്‌റഫ്, കരുവാരക്കുണ്ട്

ഒരാള്‍ ഒരു സൂഫിക്ക് ജീവനുള്ള മല്‍സ്യമുള്‍പ്പെടെ ഒരു സ്വര്‍ണപ്പാത്രം സമ്മാനമായി നല്‍കി. സൂഫി അതു സ്വീകരിച്ചു. സ്വര്‍ണപ്പാത്രത്തിനകത്ത് ജീവനുള്ള മല്‍സ്യം ബന്ധനത്തിലാണെന്നു കണ്ട സൂഫി മല്‍സ്യത്തെ ഒരു തടാകത്തിലിട്ടു. പിന്നെ സ്വര്‍ണപ്പാത്രംകൊണ്ടു തനിക്കെന്തു പ്രയോജനമെന്നു കരുതി അതും തടാകത്തിലേക്കെറിഞ്ഞു. സംഭവം കഥയായിരിക്കാമെങ്കിലും ഇതാണ് സൂഫിസം. സൂഫികള്‍ക്ക് ഭൗതികമായ താല്‍പര്യങ്ങള്‍ ഒട്ടുമുണ്ടാവില്ല. അവര്‍ ഭൂതകാലത്തിന്റെ മാറാപ്പ് ചുമക്കുന്നവരോ ഭാവിയുടെ സ്വപ്‌നത്തില്‍ സഞ്ചരിക്കുന്നവരോ ആയിരിക്കില്ല. വിവേകം, ജ്ഞാനം തുടങ്ങിയ അര്‍ഥങ്ങളുള്ള സോഫിയ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് സൂഫി എന്ന പദം വന്നതെന്നു കരുതപ്പെടുന്നു. അറബിയില്‍ തസവൂഫ് എന്ന പദം സുഫയില്‍നിന്നു വന്നതാണെന്നാണു നിഗമനം. പണ്ടുകാലത്ത് സൂഫികള്‍ കമ്പിളിവസ്ത്രം ധരിച്ചവരായിരുന്നതിനാലാണ് ഈ പേരു കിട്ടിയത് എന്നു കരുതുന്നവരുമുണ്ട്. ഏതായിരുന്നാലും ജീവിതവിരക്തിയുടെ പ്രതീകങ്ങളാണ് അവര്‍. പേര്‍ഷ്യയിലും ഇന്ത്യയിലും വിഖ്യാതങ്ങളായ പ്രണയകാവ്യങ്ങളെല്ലാം രചിക്കപ്പെട്ടത് സൂഫി പശ്ചാത്തലത്തിലാണ്. പ്രണയഭാജനം പക്ഷേ, പ്രപഞ്ചനാഥനായിരിക്കുമെന്നുമാത്രം. ലൈലാ മജ്്‌നു എന്ന വിശ്വപ്രസിദ്ധ പ്രണയകാവ്യത്തിലെ ലൈല ദൈവത്തിന്റെ പ്രതീകമാണ്. കാമുകരില്‍ കാണുന്ന അന്ധതയും ബധിരതയും തന്നെയാണ് ദൈവം എന്ന ലൈലയെക്കുറിച്ചോര്‍ത്ത് ഭ്രാന്തെടുക്കുന്ന മജ്്‌നുവിലും കാണുന്നത്. ദുനിയാവ് വിട്ട് പരലോകചിന്തയില്‍ മാത്രം അഭിരമിക്കുന്ന യഥാര്‍ഥ സൂഫികള്‍പോലും ഞെട്ടിയുണര്‍ന്ന് പോരാട്ടത്തിനിറങ്ങുന്ന അത്യന്തം അപകടകരമായ ഈ കാലത്ത് ഇന്ത്യയില്‍ ചില അഭിനവ സൂഫികള്‍ കമ്പിളിവസ്ത്രം വലിച്ചെറിഞ്ഞ് സ്വര്‍ണത്തൊപ്പിയും തലപ്പാവുമണിഞ്ഞ് ഭരണവര്‍ഗത്തിന്റെ കാല് നക്കാനൊരുങ്ങുന്നു. ഉത്തരേന്ത്യയില്‍ ഇത്തരക്കാര്‍ കൂടുതലുണ്ട്. ആത്മീയയാത്രയ്ക്കു പകരം ആത്മീയവ്യാപാരത്തിലാണ് അവര്‍ക്കു താല്‍പര്യം. കെട്ടിടനിര്‍മാണത്തിന് അനുമതി ലഭിക്കുന്നതിനു വേണ്ടിയോ സര്‍ക്കാര്‍ഭൂമി അടിച്ചെടുക്കാനോ കേരളത്തിലും ചില മതനേതാക്കള്‍ സ്ഥലവും സമയവും നോക്കി ആചാര്യവേഷമണിയാറുണ്ട്. പല ആചാര്യന്മാര്‍ക്കും പലതരം ബ്രാന്റ് ആത്മീയതയാണ്. എന്നാല്‍, എല്ലാവരും ഭരണകര്‍ത്താക്കളെ കാണുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കും. ചിലരൊക്കെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഒറ്റുകാരുമായിരുന്നു. അഖിലേന്ത്യാ ഉലമാ മശായിഖ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ ഈയിടെ നടന്ന അഖിലലോക സൂഫി സമ്മേളനത്തിനു വന്നവര്‍ക്കൊക്കെ നരേന്ദ്രമോദിയുടെ കൈ പിടിക്കാനായിരുന്നു ഉല്‍സാഹം. സംഘപരിവാരത്തിന്റെ അജണ്ടയുടെ ഭാഗമായിട്ടാണ് ഈ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. തീവ്രവാദികളെയും വഹാബികളെയും അടിച്ചമര്‍ത്തണമെന്നാണ് ബോര്‍ഡിന്റെ പ്രധാന ആവശ്യം. അഖിലലോക സൂഫി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ഇസ്‌ലാം സമാധാനമാണെന്നാണ് പ്രസംഗിച്ചത്. വാഹനത്തിനടിയില്‍ കുടുങ്ങി ചത്തുപോവുന്ന പട്ടിക്കുട്ടികള്‍ക്കു കിട്ടേണ്ട പരിഗണനപോലും ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടവര്‍ക്കു നല്‍കാതിരുന്ന സമാധാനപ്രേമിയാണ് മോദി. അതിഗംഭീരമായ സമ്മേളനത്തില്‍ പങ്കെടുത്ത ആത്മീയാചാര്യന്മാര്‍ക്ക് പ്രിയം ജഗന്നിയന്താവിന്റെ അറ്റമില്ലാത്ത രഹസ്യങ്ങളായിരുന്നില്ല. അധികാരമായിരുന്നു, അതിന്റെ ആര്‍ഭാടങ്ങളായിരുന്നു അവരുടെ പ്രലോഭനം. അതിനാല്‍ ഇനിയും അവര്‍ സമാധാനത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരിക്കും. മുമ്പൊരു സൂഫി പറഞ്ഞതിങ്ങനെ: ''ഒരിക്കല്‍ സൂഫിസം പേരില്ലാത്ത യാഥാര്‍ഥ്യമായിരുന്നു. ഇപ്പോള്‍ സൂഫിസം യാഥാര്‍ഥ്യമില്ലാത്ത ഒരു പേരായിരിക്കുന്നു.'' ഭാരത മാതയ്ക്ക് ജയ് വിളിക്കുന്ന ആത്മീയാചാര്യന്മാര്‍ സൂഫിസത്തിന്റെ ഉള്‍ക്കാമ്പ് കാര്‍ന്നുതിന്നുകയാണ്.
Next Story

RELATED STORIES

Share it