സമാധാനത്തിനുള്ള നൊബേല്‍ തുണീസ്യന്‍ സംഘടനയ്ക്ക്

ഓസ്‌ലോ: ലോക സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിനു തുണീസ്യന്‍ സംഘടനയായ നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റ് അര്‍ഹരായി. അറബ്‌ലോകത്തെയാകെ പിടിച്ചുകുലുക്കിയ 2011ലെ മുല്ലപ്പൂവിപ്ലവാനന്തരം തുണീസ്യയില്‍ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയതിനു നേതൃത്വം വഹിച്ചതിനാലാണ് സംഘടനയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2013ല്‍ തുണീസ്യന്‍ ജനറല്‍ ലേബര്‍ യൂനിയന്‍, തുനീസ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി ട്രേഡ് ആന്റ് ഹാന്‍ഡിക്രാഫ്റ്റ്‌സ്, തുണീസ്യന്‍ ഹ്യൂമന്റൈറ്റ്‌സ് ലീഗ്, തുണീസ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്‌സ് എന്നീ നാലു സംഘടനകള്‍ ചേര്‍ന്നാണ് നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റിനു  തുടക്കമിട്ടത്. തുണീസ്യയില്‍ അലയടിച്ച വിപ്ലവത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഈജിപ്ത്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലും ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്രാപിച്ചിരുന്നു.

എന്നാല്‍, അശാന്തമായ അന്തരീക്ഷം മൂലം വീണ്ടും കലാപഭൂമിയാവുമായിരുന്ന തുണീസ്യയില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ വിലയേറിയ സംഭാവനകള്‍ നല്‍കിയത് ഈ സംഘടനയായിരുന്നുവെന്നും നൊബേല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. മതപരവും രാഷ്ട്രീയപരവും ലിംഗപരവുമായ വ്യത്യാസങ്ങള്‍ക്കപ്പുറം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യ ഭരണസംവിധാനം സൃഷ്ടിക്കുന്നതില്‍ ഈ കൂട്ടായ്മ വലിയ പങ്കാണ് വഹിച്ചതെന്നും നൊബേല്‍ സമാധാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, ഇറ്റാലിയന്‍ കത്തോലിക്കാ വൈദികന്‍ മുസൈ സെറെ, യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങിയവരെ പിന്തള്ളിയാണ് തുണീസ്യന്‍ നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റ് പുരസ്‌കാരം നേടിയത്. സമാധാന നൊബേല്‍ നേടുന്ന 27ാമത്തെ സംഘടനയാണ് തുണീസ്യന്‍ നാഷനല്‍ ഡയലോഗ് ക്വാര്‍ഡെറ്റ്.
Next Story

RELATED STORIES

Share it