kannur local

സമാധാനത്തിനായി കൈകോര്‍ത്ത് സിപിഎം-ബിജെപി നേതാക്കള്‍

കണ്ണൂര്‍: മാഹിയിലെ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത രാഷ്ട്രീയ അസ്വാരസ്യം നിലനില്‍ക്കുന്ന ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിലേക്ക് വഴിതുറന്ന് വീണ്ടും ഉഭയകക്ഷി ചര്‍ച്ച. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍, സമാധാനം പുനസ്ഥാപിക്കാനുള്ള ക്രിയാത്മക നടപടികള്‍ ആവിഷ്‌കരിക്കാന്‍ ധാരണയായി.
ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉഭയകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. സാധാരണ കലക്ടറുടെ ചേംബറില്‍ നടക്കാറുള്ള സമാധാന ചര്‍ച്ച മുന്നറിയിപ്പില്ലാതെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്രവേശിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബാബു കണ്ണിപ്പൊയിലിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതെന്ന് സിപിഎം പ്രതിനിധികള്‍ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. സംഘപരിവാരം നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍, ബാബുവിന്റെ കൊലപാതകത്തെക്കുറിച്ച് തങ്ങള്‍ക്ക് സംഘടനാപരമായി അറിവില്ലെന്നായിരുന്നു ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ മറുപടി.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ത—ങ്ങളുടെ ഏഴു പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടന്നെും ഇതുവരെ ആത്മസംയമനം പാലിച്ചതായും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇതിന്‍മേല്‍ കൂടുതല്‍ ചര്‍ച്ച കലക്ടര്‍ അനുവദിച്ചില്ല. സമാധാനം പുനസ്ഥാപിക്കുന്ന നിര്‍ദേശങ്ങള്‍ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. വീഴ്ചകള്‍ പരിശോധിക്കുമെന്നും അണികളെ നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. അക്രമികള്‍ക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും സമാധാനശ്രമങ്ങളുമായി നേതാക്കള്‍ സഹകരിക്കണമെന്നും ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം അഭ്യര്‍ഥിച്ചു. വൈകീട്ട് ആറിന് ആരംഭിച്ച ചര്‍ച്ച ഒന്നര മണിക്കൂര്‍ നീണ്ടു. സിപിഎം സംസ്ഥാന സമിതിയംഗം കെ പി സഹദേവന്‍, എം സുരേന്ദ്രന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ, എം സി പവിത്രന്‍ എന്നിവരും ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ വി ജയരാജന്‍ മാസ്റ്റര്‍, ജില്ലാ കാര്യവാഹ് കെ പ്രമോദ് എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it