സമസ്ത സമ്മേളനത്തിന് ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ

ആലപ്പുഴ: ഫെബ്രുവരി 11 മുതല്‍ 14 വരെ നടന്ന സമസ്ത 90ാം വാര്‍ഷിക സമ്മേളനത്തിന് ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നല്‍കിയ പിന്തുണ ശ്രദ്ധേയമായി. അമ്പലങ്ങള്‍ക്കും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മുമ്പില്‍ സമസ്ത സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചുകൊണ്ടായിരുന്നു പിന്തുണ നല്‍കിയത്. ആലപ്പുഴ ബീച്ചില്‍ നടന്ന സമാപന സമ്മേളനദിവസം വിശ്വാസികള്‍ക്കു നമസ്‌കരിക്കാന്‍ ആലപ്പുഴ ബിഷപ് ഹൗസ് തുറന്നുകൊടുത്തുകൊണ്ട് അധികൃതര്‍ മാതൃകയായി.
ഇന്നലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിഷപ് ഹൗസ് തുറന്നുകൊടുത്തതിന് ആലപ്പുഴ ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിലിന് ഉപഹാരം നല്‍കി ആദരിച്ചു. നമസ്‌കാരത്തിന് ഉളൂഅ് എടുക്കാനുള്ള സൗകര്യങ്ങളും മറ്റും വിശ്വാസികള്‍ക്ക് ഇവിടെനിന്നു ലഭിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ബിഷപ് ഹൗസില്‍ കെ സി വേണുഗോപാല്‍ എംപിയും ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സി മുഹമ്മദ് അല്‍ ഖാസിമിയും ചേര്‍ന്ന് ഉപഹാരം കൈമാറി. എസ്‌കെജെഎംസിസി ജില്ലാ പ്രസിഡന്റ് ടി എ ഷിഹാബുദ്ദീന്‍ മുസ്‌ല്യാര്‍, ഹാഷിം നീര്‍ക്കുന്നം പങ്കെടുത്തു.
കായംകുളം പെരിങ്ങാല കുമ്പളത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റിയും സമസ്തയുടെ വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ആകര്‍ഷകമായ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ഇതിനു പുറമെ ജില്ലയിലെ വിവിധ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ബോര്‍ഡ് സ്ഥാപിക്കുകയുണ്ടായി. സമ്മേളനത്തിന്റെ വിജയത്തില്‍ ആലപ്പുഴയിലെ ഇതര മതക്കാര്‍ നല്‍കിയ പിന്തുണ വിലപ്പെട്ടതാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമസ്ത പ്രവര്‍ത്തകര്‍ക്കും ആവേശമായിത്തീര്‍ന്നു. സമാപന സമ്മേളനത്തില്‍ സ്വാഗതപ്രസംഗത്തില്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ ഇക്കാര്യം എടുത്തുപറയുകയും ചെയ്തു.
Next Story

RELATED STORIES

Share it