സമസ്ത സമ്മേളനത്തിന് കൊടിയിറങ്ങി

ആലപ്പുഴ: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ തൊണ്ണൂറാം വാര്‍ഷിക സമാപന മഹാസമ്മേളനം ആലപ്പുഴയില്‍ സമാപിച്ചു. ആലപ്പുഴ ബീച്ചില്‍ നടന്ന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പടര്‍ന്നുപിടിച്ച അസഹിഷ്ണുത കേരളത്തില്‍ വ്യാപിക്കാതിരുന്നത് സമസ്ത കേരളയുടെ സാന്നിധ്യം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലെല്ലാം ഹിന്ദു-മുസ്‌ലിം സാഹോദര്യം ഉയര്‍ത്തിപ്പിടിക്കപ്പെട്ടിരുന്നു. ഇന്ന് അതെല്ലാം ചോദ്യം ചെയ്യപ്പെടുന്ന കാലമാണ്. വര്‍ഗീയത വളര്‍ത്തി മനുഷ്യ മനസ്സുകളെ അകറ്റാനുള്ള ഹീനമായ ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി കാണുന്നുണ്ട്. മത വിദ്വേഷത്തിന്റെ വിഷം ചീറ്റുന്ന അത്തരം ദുശ്ശക്തികളെ ചെറുക്കാന്‍ മുഴുവന്‍ മതേതര വിശ്വാസികളും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പോര്‍ച്ചുഗല്‍ അധിനിവേശ കാലത്ത് സാമൂതിരി മഹാരാജാവിനൊപ്പം നിന്ന് പോരടിച്ചതാണ് നമ്മുടെ പാരമ്പര്യം. ഇന്ത്യയുടെ സാംസ്‌കാരികപരമായ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യമായി കാണേണ്ടത്. എല്ലാ മതങ്ങള്‍ക്കും ഒരു പോലെ ജീവിക്കാവുന്ന ഭാരത മണ്ണിനെ ചില ദുശ്ശക്തികള്‍ കലാപഭൂമിയാക്കുകയാണ്. ശ്രീനാരായണ ഗുരുവിന്റെ മാനവിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട കേരളീയ സമൂഹത്തില്‍ പോലും വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതിനെ നാം ഗൗരവത്തോടെ കാണണം. മനുഷ്യനോട് മാത്രമല്ല സകല ജീവികളോടും കരുണ കാണിക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി. ഇന്ന് ആഗോളാടിസ്ഥാനത്തില്‍ നടക്കുന്ന മതതീവ്രവാദ ശക്തികള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐഎസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങള്‍ ശത്രുക്കളുടെ അജണ്ടകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ ശരിയായ പന്ഥാവാണ് സമസ്ത നമുക്ക് പഠിപ്പിച്ച് തരുന്നത്. മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് ലോകത്ത് ഒരു പ്രദേശത്തും കാണാത്ത വ്യവസ്ഥാപിത സമ്പ്രദായം സമസ്ത നിര്‍വഹിച്ചു കഴിഞ്ഞു. മതവിദ്യാഭ്യാസവും മതേതര വിദ്യയും നല്‍കി രാഷ്ട്രത്തിനും സമൂഹത്തിനും സമുദായത്തിനും ഉതകുന്ന ഒരു തലമുറയെയാണ് സമസ്ത വാര്‍ത്തെടുക്കുന്നത്. മദ്യവും മയക്കുമരുന്നും അധാര്‍മികതയും അരാചകത്വവും യുവതലമുറയെ ഗ്രസിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്ത വൈസ് പ്രസിഡന്റ് എ പി മുഹമ്മദ് മുസ്‌ല്യാര്‍ കുമരം പുത്തൂര്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എംപിമാരായ ഇ അഹമ്മദ്, കെ സി വേണുഗോപാല്‍, ജി സുധാകരന്‍ എംഎല്‍എ, പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, സഈദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പങ്കെടുത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷ പ്രഖ്യാപനം ഉപാധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തി.
Next Story

RELATED STORIES

Share it