Flash News

സമസ്ത- ലീഗ് ചര്‍ച്ച: വിവാദ പ്രസ്താവനകള്‍ പാടില്ലെന്ന് തീരുമാനം

സമസ്ത- ലീഗ് ചര്‍ച്ച: വിവാദ പ്രസ്താവനകള്‍ പാടില്ലെന്ന് തീരുമാനം
X


മലപ്പുറം: സാമുഹിക മാധ്യമങ്ങളിലും മറ്റും ഉണ്ടായ വിവാദങ്ങളെക്കുറിച്ചും അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും  സമസ്ത മുസ്‌ലിം ലീഗ് നേതാക്കള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ  അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് രമ്യമായ പരിഹാരമുണ്ടാക്കി. മേലില്‍ വിവാദ പ്രസ്താവനകളും പരാമര്‍ശങ്ങളും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഇന്നലെ നടന്ന ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്.
യോഗത്തില്‍  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, മോയിന്‍ കുട്ടി മാസ്റ്റര്‍, പി.എ ജബ്ബാര്‍ ഹാജി പങ്കെടുത്തു.

നേരത്തെ മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും അടക്കമുള്ള നേതാക്കള്‍ നടത്തിയ ചില പ്രസ്താവനകളില്‍ സമസ്ത നേതാക്കള്‍ പ്രതിഷേധമറിയിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ലീഗ് സമസ്ത ബന്ധം മോശമാക്കുന്ന സാഹചര്യത്തിലേയ്‌ക്കെത്തുകയും സമസ്ത നേതാക്കള്‍ പരസ്യമായി ലീഗ് നേതാക്കള്‍ക്കെതിരേ രംഗത്തുവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ 23ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ തങ്ങളുടെ വീട്ടില്‍ സമസ്ത- ലീഗ് ഉന്നത നേതാക്കളുടെ യോഗം ചേര്‍ന്നു. അന്നത്തെ യോഗത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പുറമെ പി കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍,പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി വി അബ്ദുല്‍വഹാബ് എംപി, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, സി കെ എം സാദിഖ് മുസ്‌ല്യാര്‍, കൊയ്യോട് ഉമര്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, പി എ ജബ്ബാര്‍ ഹാജി എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍  ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ലീഗ് ജന.സെക്രട്ടറി കെ പി എ മജീദ്, ലീഗിനെതിരേ ശക്തമായ വിമര്‍ശനമുന്നയിക്കുന്ന സമസ്ത യുവ നേതാക്കളായ ഹമീദ് ഫൈസി അമ്പലക്കടവ് , നാസര്‍ ഫൈസി കൂടത്തായി എന്നിവരെ പങ്കെടുപ്പിച്ചിരുന്നില്ല. ഇവരെക്കൂടി ഉള്‍പ്പെടുത്തി യോഗം ചേരാന്‍ അന്നു തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും യോഗം ചേര്‍ന്നത്. സമസ്ത-ലീഗ് ബന്ധത്തിനു കോട്ടം തട്ടുന്ന പ്രവൃത്തികളില്‍നിന്ന് മാറിനില്‍ക്കാനാണ് യോഗത്തിലുള്ള തീരുമാനം. സമസ്തയും മുസ്‌ലിംലീഗും തമ്മില്‍ കാലങ്ങളായുള്ള നല്ല ബന്ധത്തിന് കോട്ടം തട്ടുന്ന യാതൊന്നും ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കാനും തീരുമാനമായി. ആവശ്യമില്ലാത്ത പ്രസ്താവനകളും വിവാദങ്ങളും മാധ്യമങ്ങള്‍ വഴിയുണ്ടാവാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും തീരുമാനമായി.
Next Story

RELATED STORIES

Share it