Flash News

സമസ്ത- മുസ്‌ലിംലീഗ് ചര്‍ച്ച : വിവാദ പ്രസ്താവനകള്‍ക്ക് വിലക്ക്



മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലും മറ്റും ഉണ്ടായ വിവാദങ്ങളെക്കുറിച്ചും അഭിപ്രായ വിത്യാസങ്ങളെക്കുറിച്ചും സമസ്ത മുസ്‌ലിം ലീഗ് നേതാക്കള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്ന് രമ്യമായ പരിഹാരമുണ്ടാക്കി. മേലില്‍ വിവാദ പ്രസ്താവനകളും പരാമര്‍ശങ്ങളും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് യോഗം തീരുമാനിച്ചു. ഇന്നലെ നടന്ന ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. യോഗത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, പി പി ഉമര്‍ മുസ്‌ല്യാര്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, കെ പി എ മജീദ്, അബ്ദുല്‍ ഹമീദ് ഫൈസി, നാസര്‍ ഫൈസി, മോയിന്‍ കുട്ടി മാസ്റ്റര്‍, പി എ ജബ്ബാര്‍ ഹാജി പങ്കെടുത്തു. നേരത്തെ മുസ്‌ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസും അടക്കമുള്ള നേതാക്കള്‍ നടത്തിയ ചില പ്രസ്താവനകളില്‍ സമസ്ത പ്രതിഷേധമറിയിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ലീഗ്-സമസ്ത ബന്ധം മോശമാക്കുന്ന സാഹചര്യത്തിലേക്കെത്തുകയും സമസ്ത നേതാക്കള്‍ പരസ്യമായി ലീഗ് നേതാക്കള്‍ക്കെതിരേ രംഗത്തുവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ 23ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത-ലീഗ് ഉന്നത നേതാക്കളുടെ യോഗം ചേര്‍ന്നു.  ഈ യോഗത്തില്‍ സമസ്ത യുവനേതാക്കളായ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി എന്നിവരെ പങ്കെടുപ്പിച്ചിരുന്നില്ല. ഇവരെക്കൂടി ഉള്‍പ്പെടുത്തി യോഗം ചേരാന്‍ അന്നു തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും യോഗംചേര്‍ന്നത്. സമസ്ത-ലീഗ് ബന്ധത്തിനു കോട്ടംതട്ടുന്ന പ്രവൃത്തികളില്‍ നിന്നു മാറിനില്‍ക്കാനാണു യോഗത്തിലുള്ള തീരുമാനം.  ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കാനും തീരുമാനമായി. ആവശ്യമില്ലാത്ത പ്രസ്താവനകളും വിവാദങ്ങളും മാധ്യമങ്ങള്‍ വഴിയുണ്ടാവാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും തീരുമാനമായി.
Next Story

RELATED STORIES

Share it