സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങളുടെ പ്രസംഗം ഇരുമുന്നണികളിലും ചര്‍ച്ചയാവുന്നു

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നടത്തിയ പ്രസംഗം ഇടതു വലതു മുന്നണികളില്‍ ചര്‍ച്ചയാവുന്നു. സമസ്ത അധ്യക്ഷന്റെ പ്രസംഗം ഇരുമുന്നണികള്‍ക്കും വിഷയമാവുന്നത് ഇതാദ്യമായാണ്. യുഡിഎഫും പ്രത്യേകിച്ച് മുസ്്‌ലിംലീഗും ഇതേ തുടര്‍ന്ന് വലിയ അങ്കലാപ്പിലാണ്.
ലീഗിന്റെ പ്രവര്‍ത്തന ശൈലിയിലും നിലപാടുകളിലും സമസ്ത പ്രസിഡന്റ് പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തുന്നത് ആദ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഈ പ്രസംഗത്തില്‍ കൃത്യമായ രാഷ്ട്രീയ സന്ദേശമുണ്ടെന്ന് ലീഗിനു പുറമെ യുഡിഎഫിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസും തിരിച്ചറിഞ്ഞിട്ടുണ്ട്. വരും നാളുകളില്‍ സമസ്തയുടെ നിലപാട് നിര്‍ണായകമാവുമെന്ന് യുഡിഎഫ് നേതൃത്വം മനസ്സിലാക്കുന്നു. കാലങ്ങളായി മുസ്്‌ലിംലീഗുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്ന സമസ്ത ഇവിടന്നങ്ങോട്ട് അങ്ങിനെ ആയിക്കൊള്ളണമെന്നില്ലെന്നാണ് ജിഫ്‌രി തങ്ങള്‍ വാക്കുകള്‍ക്കിടയിലൂടെ പറഞ്ഞുവെച്ചത്. ന്യൂനപക്ഷ താല്‍പര്യ സംരക്ഷണമെന്ന ബാധ്യത നിര്‍വഹിക്കാന്‍ മുന്നോട്ട് വരുന്നില്ലെങ്കില്‍ ലീഗിനെ തള്ളേണ്ടി വരുമെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കുള്ളിലുണ്ട്.
സമസ്തയെ കൂടെ നിര്‍ത്താന്‍ ലീഗിനെ ആശ്രയിച്ചാല്‍ മാത്രം കഴിയില്ലെന്നു മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതൃത്വം അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സമസ്തയുമായി നിരന്തര ബന്ധം പുലര്‍ത്തുന്ന മുന്‍ പട്ടാമ്പി എംഎല്‍എ സി പി മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം കെപിസിസി നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്.
കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ മുതുവല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി കഴിഞ്ഞ ദിവസം ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ മകന്‍ താഹാ ഹുസൈന്‍ സ്ഥാനമേറ്റിരുന്നു. സമസ്തയുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശം എ കെ ആന്റണി തന്നെ മുന്നോട്ട് വെച്ചതായി സൂചനയുണ്ട്. ഹൈക്കമാന്റിന്റെ പച്ചക്കൊടിയും ഇക്കാര്യത്തില്‍ മുല്ലപ്പള്ളിക്ക് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ സമുന്നതരായ മുസ്്‌ലിം നേതാക്കള്‍ സമസ്ത നേതാക്കളുമായി ഫോണില്‍ സംസാരിച്ചതായും വിവരമുണ്ട്. സമസ്ത സമ്മേളനത്തിലെ ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പ്രസംഗം ലീഗിലും അലയൊലികള്‍ സൃഷ്ടിച്ചിട്ടുണ്ട്. സംഘടനയിലെ ലീഗനുകൂലികള്‍ ഈ പ്രസംഗത്തില്‍ അസ്വസ്ഥരാണ്. നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി അറിയുന്നു. വിമര്‍ശനം നല്ല രീതിയില്‍ കാണണമെന്ന അഭിപ്രായമാണ് ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ് എന്നിവര്‍ക്കുള്ളത്. എന്നാല്‍ തുല്യനാണയത്തില്‍ തന്നെ പ്രതികരിക്കണമെന്നാണ് കെ എം ഷാജിയുടേയും സാദിഖലി തങ്ങളുടേയും പക്ഷം.
അനാഥാലയങ്ങളില്‍ ബാലനീതി നിയമം നടപ്പാക്കുന്നതിനെതിരെയും മുത്വലാഖ് ഓര്‍ഡിനന്‍സിനെതിരെയും സുപ്രീം കോടതിയെ നേരിട്ട് സമീപിച്ച സമസ്തയുടെ പുതിയ സമീപനവും ലീഗിനുള്ള താക്കീതാണ്. എന്നാല്‍ സമസ്തയേയും ലീഗിനെയും ആര്‍ക്കുംതെറ്റിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.
ഇടതുപക്ഷവും ജിഫ്‌രി തങ്ങളുടെ പുതിയ നിലപാടിനെ ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്. ദിനപത്രം ഉദ്ഘാടന വേദിയിലേക്ക് കോടിയേരിയെ ക്ഷണിച്ചതിലൂടെ ഉണ്ടാക്കിയെടുത്ത പുതിയ ബന്ധം ഉപയോഗപ്പെടുത്തി സമസ്തയുമായി അടുക്കാനുള്ള ശ്രമം കുറേകാലമായി സിപിഎം നടത്തി വരികയാണ്. കണ്ണൂര്‍ സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ സമസ്ത നേതാക്കളെ സെമിനാറുകളില്‍ പങ്കെടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താറിലും ജിഫ്‌രി തങ്ങള്‍ ഉള്‍പ്പെടെയുള്ള സമസ്ത നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇതെല്ലാം ലീഗിനെതിരെയുള്ള സമസ്ത നീക്കങ്ങളുമായി സമന്വയിപ്പിക്കാന്‍ കഴിയുമോ എന്ന് പാര്‍ട്ടി ആലോചിക്കുന്നുണ്ട്. എളമരം കരീമുള്‍പ്പെടെയുള്ളവരെ മുന്നില്‍ നിര്‍ത്തി സമസ്തയെ ഒപ്പം കൂട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും സൂചനയുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമസ്തയുടെ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ യുഡിഎഫും ലഭിക്കാന്‍ എല്‍ഡിഎഫും പരിശ്രമിക്കുന്ന കാഴ്ചയാണ് കാണാന്‍ പോവുന്നത്.
ഇതുവരെ എടുത്ത നിലപാടുകള്‍ക്കപ്പുറം ന്യൂനപക്ഷ വിഷയങ്ങളില്‍ ശരിയായ സമീപനം സ്വീകരിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാനാണ് സമസ്തയുടെ തീരുമാനമെന്ന്ഉന്നത നേതാവ് തേജസിനോടു പറഞ്ഞു.

Next Story

RELATED STORIES

Share it