Flash News

സമസ്തയുടെ പേരില്‍ ലീഗ് യോഗം വിളിച്ചത് വിവാദമാവുന്നു

സമസ്തയുടെ പേരില്‍ ലീഗ് യോഗം വിളിച്ചത് വിവാദമാവുന്നു
X

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ലീഗിനു വേണ്ടി വോട്ട് പിടിക്കാന്‍ സമസ്ത പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നതിനായി സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയായ പൂക്കോട്ടൂര്‍ക്കാരന്‍ വിളിച്ച യോഗം വിവാദമാവുന്നു. ഇയാള്‍ സമസ്തയെ ലീഗിന്റെ ആലയത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നതിനെതിരേ സംഘടനയില്‍ തന്നെ ശക്തമായ പ്രതിഷേധമുണ്ട്. നാലു ദിവസം മുമ്പാണ് വേങ്ങര ബദ്‌രിയ്യ പള്ളിക്കടുത്ത സ്ഥാപനത്തില്‍ എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് സംഘടനയിലെ പ്രധാന ഭാരവാഹികളുടെ യോഗം ഇയാള്‍ വിളിച്ചു ചേര്‍ത്തത്. സാദിഖലി തങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് ഭാരവാഹികളോട് പറയുകയും ചെയ്തിരുന്നു. 25ലേറെ പ്രവര്‍ത്തകര്‍ യോഗത്തിനെത്തുകയും ചെയ്തു. യുഡിഎഫ് പ്രതിസന്ധിയിലാണെന്നും ഭൂരിപക്ഷം നിലനിര്‍ത്താനാവുകയില്ലെന്നും അതിനാല്‍, സമസ്ത പ്രവര്‍ത്തകര്‍ ലീഗിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തിറങ്ങണമെന്നും ഇദ്ദേഹം യോഗത്തിനെത്തിയവരോട് നിര്‍ദേശിക്കുകയായിരുന്നു. സദസ്സില്‍ നിന്ന് ഏതാനും പേര് എഴുന്നേറ്റ് സമസ്തയുടെ വേദി താങ്കളുടെ വ്യക്തിപരമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണോയെന്ന് ചോദിക്കുകയും സംഘടനയ്ക്കു രാഷ്ട്രീയമില്ലെന്നും വ്യക്തികള്‍ക്ക് രാഷ്ട്രീയമാവാമെന്നുമുള്ള നിലപാടിന് എന്തര്‍ഥമാണുള്ളതെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ യോഗത്തിന്റെ പേരില്‍ സമസ്ത തങ്ങള്‍ക്കെതിരേ നടപടിയെടുക്കില്ലെന്ന് ഉറപ്പു തരാനാവുമോ എന്നും ചോദിച്ചു. ഇതോടെ യോഗം ബഹളത്തിലായി. ഇതിനിടെ യോഗത്തിലേക്ക് പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും എത്തിയെങ്കിലും വോട്ട് പോലും ചോദിക്കാന്‍ നില്‍ക്കാതെ യോഗം പിരിച്ചു വിടുകയായിരുന്നു. കുറേ കാലമായി സമസ്ത വേദികളെ ലീഗ് വേദിയാക്കുന്നുവെന്ന് ഈ നേതാവിനെതിരേ സംഘടനയില്‍ ആക്ഷേപമുണ്ട്. ലീഗ് കുടുംബ യോഗങ്ങളില്‍ പോലും സംസാരിക്കുന്ന വ്യക്തി വേങ്ങരയിലെ വിജയത്തിനായി സമസ്ത പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സമസ്തയുടെ പോഷക സംഘടനാ ഭാരവാഹികള്‍ ശക്തമായി എതിര്‍ത്തതോടെ യോഗം പൂര്‍ത്തിയാക്കാന്‍ പോലും സാധിക്കാതെ വരുകയായിരുന്നു.
Next Story

RELATED STORIES

Share it