kozhikode local

സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരേ നടപടിക്ക് നീക്കം

പി എസ് അസൈനാര്‍

മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാര്‍ട്ടി തിട്ടൂരം ലംഘിച്ച് ജനകീയ പോരാട്ടത്തില്‍ പങ്കെടുത്ത പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടിക്കുള്ള നീക്കമാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. സമരത്തിന്റെ മുന്നണിപ്പോരാളിയും കാരശ്ശേരി ഗ്രാമപഞ്ചായത്തംഗവും പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റിയംഗവുമായ ജി അബ്ദുല്‍ അക്ബര്‍, വെസ്റ്റ് മാമ്പറ്റ ബ്രാഞ്ച് സെക്രട്ടറി ബിജു എന്നിവര്‍ക്കാണ്  നേതൃത്വം പാര്‍ട്ടി നിലപാട് ലംഘിച്ച് സമരത്തില്‍ പങ്കെടുക്കുന്നതിന് വിശദീകരണമാവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. ഒരാഴ്ചക്കകം മറുപടി ലഭിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിന് ലഭിക്കുന്ന വിശദികരണത്തെ ആസ്പദമാക്കിയായിരിക്കും തുടര്‍ നടപടി. വാതക പൈപ്പ് ലൈന്‍ പദ്ധതി ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ തുടക്കത്തില്‍ മുന്നില്‍ നില്‍ക്കുകയും പിന്നിട് പിന്‍വലിയുകയും ചെയ്ത സിപിഎമ്മിനെതിരെ ശക്തമായ ജനവികാരമാണ് മേഖലയില്‍ നിലനില്‍ക്കുന്നത്. ഇതിന് പുറമേയാണ് ജനപക്ഷത്ത് നിന്നതിന്റെ പേരില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിക്ക് തുനിഞ്ഞ് ആഭ്യന്തര കലഹത്തിന്കൂടി വഴിമരുന്നിടുന്നത്. കിടപ്പാടവും, കൃഷിഭൂമിയും ഇടിച്ചു നിരത്തി നാടിനെ കീറി മുറിച്ചു വരുന്ന പദ്ധതിക്കെതിരെ സാധാരണക്കാരന്‍ നടത്തുന്ന അതിജീവന പോരാട്ടത്തില്‍നിന്ന് പിന്‍മാറി, കോര്‍പറേറ്റുകള്‍ക്കൊപ്പം സിപിഎം നിലയുറപ്പിച്ചതില്‍ പദ്ധതി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കനത്ത രോഷത്തിലാണ്. പാര്‍ട്ടി കടപ്പാട് മൂലം പുറത്തറിയിച്ചില്ലെങ്കിലും പദ്ധതി പ്രദേശത്തെ ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങളില്‍ വിഷയം ശക്തമായി പ്രതിഫലിച്ചിരുന്നു. ഇതോടൊപ്പം  അക്ബറിനെ പോലുള്ളവരെ തൊട്ടാല്‍ മേഖലയില്‍ പാര്‍ട്ടിക്ക് കൈപൊള്ളുമെന്ന് ഉറപ്പാണ്. അക്ബറിന്റെ സ്ഥാനാര്‍ഥിത്വവും ഇതുവഴി കാന്തപുരം സുന്നികളുടെ പൂര്‍ണ പിന്തുണയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണവും വഴി കക്കാട് വില്ലേജിലെ വാര്‍ഡുകളില്‍ മേല്‍ക്കൈ നേടാനായാതോടെയാണ് കാരശ്ശേരിയില്‍ കൈവിട്ട ഭരണം ഇടതുപക്ഷത്തിന് തിരിച്ചുപിടിക്കാനായത്. 267 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അക്ബര്‍ കക്കാട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന അക്ബറിന്റെ ഉറച്ച നിലപാട് സിപിഎമ്മിന് തലവേദനയാണ്. സമരത്തെ വര്‍ഗീയവല്‍ക്കരിക്കാനും തീവ്രവാദ ആരോപണമുന്നയിച്ച് അപഹാസ്യമാക്കാനുള്ള സിപിഎം ശ്രമത്തിന് അക്ബറിനെ പോലുള്ളവരുടെ സമര രംഗത്തെ സാന്നിധ്യം കനത്ത തിരിച്ചടിയായിരുന്നു. ഇതിലുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ക്ഷോഭമാണ് നടപടിക്ക് പിന്നില്‍.അതേസമയം അക്ബറിനെതിരെ നടപടി സ്വീകരിച്ചാല്‍ അത് പാര്‍ട്ടിക്ക് വിനയാകുമെന്ന് നേതൃത്വത്തിന് അറിയാം. അക്ബറിനും ബിജുവിനും നോട്ടിസ് നല്‍കിയത് ഒരു വിഭാഗം അണികളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള നേതൃത്വത്തിന്റെ സൂത്രവിദ്യയായി വിലയിരുത്തലുണ്ട്. പാര്‍ട്ടി തീരുമാനം ലംഘിച്ച് സമരത്തില്‍ പങ്കെടുക്കുന്ന നിലപാടിനെതിരെ ലോക്കല്‍  സമ്മേളനങ്ങളില്‍ ചോദ്യമുയര്‍ന്നിരുന്നു. ഇന്നാരംഭിക്കുന്ന തിരുവമ്പാടി ഏരിയാ സമ്മേളനത്തിലും വിഷയം ചര്‍ച്ചയാകാനിടയുണ്ട്. പാര്‍ട്ടി തീരുമാനം ലംഘിക്കുന്നവര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന ആക്ഷേപവും, ജാള്യതയും മറക്കാന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയ കാര്യം ചൂണ്ടിക്കാട്ടാന്‍ നേതൃത്വത്തിനാകും.  ഇലക്കും, മുള്ളിനും കേടില്ലാതെ വിഷയം അവസാനിപ്പിക്കാനുള്ള തത്രപ്പാടിലാണ് സിപിഎം.
Next Story

RELATED STORIES

Share it