malappuram local

സമരത്തിലൂടെ ഹൈസ്‌കൂളും ഒരുമയിലൂടെ മൈതാനവും നേടി അഞ്ചച്ചവിടി ഗ്രാമം

കാളികാവ്: നാടൊരുമിച്ച് നിന്നാല്‍ എന്തും സാധ്യമാണെന്ന് തെളിയിക്കുകയാണ് അഞ്ചച്ചവിടി ഗ്രാമം. സമരത്തിലൂടെ ഹൈസ്‌കൂളും ഒരുമയിലൂടെ മൈതാനവും സ്വന്തമാക്കിയ ചരിത്രമാണ് അഞ്ചച്ചവിടിക്കു പറയാനുള്ളത്. നാട്ടിലെ യുപി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യത്തിനു വിലങ്ങുതടിയായത് സ്വന്തമായി മൈതാനമില്ല എന്ന പരിമിതിയായിരുന്നു. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനായി കൂലിപ്പണിക്കാരും പ്രവാസികളുമടങ്ങുന്ന സംഘം രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി. ഒരു വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനം കൊണ്ട് 20 ലക്ഷത്തോളം വിലവരുന്ന ഒന്നര ഏക്കറോളം ഭൂമി സ്‌കൂളിനടുത്ത് വാങ്ങി സ്‌കൂളിനു ദാനം ചെയ്തു. പിന്നെയും പ്രശ്‌നം തീര്‍ന്നില്ല. മഴക്കാലത്ത് വെള്ളക്കെട്ടുമൂലം മൈതാനം ചെളിക്കുളമായി. കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റാതെയുമായി. തുടര്‍ന്നു നാട്ടുകാര്‍ ജനപ്രതിനിധികളുമായി നിരന്തരം ഇടപെട്ട് കിട്ടാവുന്നത്ര ഫണ്ടുകള്‍ സ്വരൂപിച്ച് മൈതാനം പുനരുദ്ധരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പൈക്ക പദ്ധതിയില്‍ നിന്ന് രണ്ടര ലക്ഷം, എംഎല്‍എ അനില്‍കുമാറിന്റെ ആസ്തി ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം, എംപി ഫണ്ടില്‍ നിന്നു പത്ത് ലക്ഷം എന്നിങ്ങനെ ലഭ്യമാക്കി മൈതാനം പൂര്‍ണ തോതില്‍ സജ്ജമാക്കി. ഗ്രാമപ്പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്ന് പാര്‍ശ്വഭിത്തിയും നടപ്പാലവും നിര്‍മിച്ചു. നിര്‍മാണം പൂര്‍ത്തിയായ മൈതാനത്തിന്റെ ഉദ്ഘാടനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും സ്‌കൂളധികൃതരും.
2013ലാണ് ഈ സ്ഥാപനം ഹൈസ്‌കൂളാക്കി ഉയര്‍ത്തിയത്. നേരത്തെ ആര്‍എംഎസ്എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളുടെ പട്ടികയില്‍ സ്‌കൂള്‍ ഉള്‍പ്പെടാത്തത് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെതിരേ സംഘടിച്ച നാട്ടുകാര്‍ വഴി തടയല്‍, ഓഫിസുപരോധം തുടങ്ങി പ്രത്യക്ഷ സമരത്തിനിറങ്ങി. നാട്ടുകാരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടുമടക്കിയ അധികൃതര്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തതായി ഉറപ്പുനല്‍കി. പഠന നിലവാരത്തില്‍ മികവു പുലര്‍ത്തിയ സ്ഥാപനം കഴിഞ്ഞ മൂന്നു പൊതുപരീക്ഷകളിലും നൂറ് ശതമാനം വിജയം നേടുകയും ചെയ്്തു. പ്രീ പ്രൈമറിയിലേതടക്കം രണ്ടായിരത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂളിനാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥാപനത്തിന്റെ പഠന നിലവാരമുയര്‍ത്തുന്നതിന്റെ ഭാഗമായി സ്‌കൂളധികൃതര്‍ സ്വന്തമായി രൂപകല്‍ കല്‍പ്പന ചെയ്ത എന്റെ മലയാളം, മാത്തമാറ്റിക് ലാബ് എന്നിവ വന്‍ വിജയമായി. സംസ്ഥാന കരിക്കുലം കമ്മിറ്റി സ്ഥാപനത്തിന്റെ ഈ പദ്ധതികളെ മാതൃകയാക്കിയത് സ്ഥാപനത്തിന്റെ നേട്ടമായി വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it