kozhikode local

സമരത്തിനിടയില്‍ ചികില്‍സ നടത്തി വെറ്ററിനറി ഡോക്ടര്‍മാര്‍ മാതൃകയായി

കോഴിക്കോട്: ജോലി ബഹിഷ്‌കരിച്ച് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് മുമ്പില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പശുവിനെ രക്ഷിക്കാന്‍ തിരുവമ്പാടിയിലെത്തി മാതൃകയായി. പശുവിന്റെ ജീവന്‍ അപകടത്തിലായ പശ്ചാത്തലത്തിലാണ് സമരത്തിനിടയിലും അവര്‍ ചികില്‍സക്കു തയ്യാറായത്. ജില്ലയിലെ മുഴുവന്‍ വെറ്ററിനറി ഡോക്ടര്‍മാരും സമര പന്തലിലിരിക്കുമ്പോഴാണ് തിരുവമ്പാടിയിലെ ഒരു വീട്ടിലെ പശുവിന് പ്രസവത്തില്‍ അപകടാവസ്ഥയുണ്ടായത്. വിവരം ലഭിച്ച ഉടനെ തന്നെ ഡോക്ടര്‍മാരായ സിബി ചാക്കോ, കെ ടി മുസ്തഫ, പി എം സുബീഷ് തുടങ്ങിയവരങ്ങിയ സംഘം പോയി ചികില്‍സ നടത്തി.
ക്ഷീര കര്‍ഷകര്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാവുന്ന ഇത്തരം സമരം സംഘടിപ്പിക്കേണ്ടിവന്നതില്‍ അതിയായ ഖേദമുണ്ടെന്ന് വെറ്ററിറനറി ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പത്താം ശമ്പള കമ്മിഷന്‍ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അനിശ്ചിതകാല സമരം മൂന്നു നാള്‍ പിന്നിട്ടു. സമരത്തിന് പിന്തുണയുമായി പുരുഷന്‍ കടലുണ്ടി എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി, ടി വി ബാലന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, സിഐടിയു ജില്ലാ സെക്രട്ടറി ടി ദാസന്‍ തുടങ്ങിയവര്‍ സമര പന്തലിലെത്തി. പരിഹാരം കാണാതെ സമര രംഗത്തു നിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് പ്രസിഡന്റ് ഡോ. കെ കെ ബേബി, ഡോ. മുസ്തഫ, ഡോ. ബിനീഷ് എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it