malappuram local

സമരങ്ങള്‍ ഭരണഘടനയ്ക്കും നീതിപീഠത്തിനുമെതിരേ: വി എസ്

മഞ്ചേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടക്കുന്ന സമരങ്ങള്‍ ഭരണഘടനയ്ക്കും നീതിപീഠത്തിനുമെതിരെയാണെന്ന് വി എസ് അച്യുതാനന്ദന്‍. ഭരണഘടനയനുസരിച്ച് സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന വിധിയാണ് സുപ്രിം കോടതിയുടേത്. കോടതി വിധി അന്തിമമാണെന്നിരിക്കെ അതു നടപ്പാക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. സര്‍ക്കാര്‍ ചുമതല നിറവേറ്റുന്നത് വിശ്വാസികള്‍ക്കെതിരായി ഇടതു മുന്നണി നടത്തുന്ന നീക്കമായാണ് ബിജെപി ചിത്രീകരിക്കുന്നത്.
ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെന്ന് പന്തല്ലൂര്‍ ക്ഷേത്ര മുറ്റത്ത് ക്ഷേത്ര സമിതി നല്‍കിയ സ്വീകരണത്തില്‍ വി എസ് പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം മുന്നോട്ടു നടന്ന പാരമ്പര്യമാണ് കേരളത്തിന്റേത്. പാമ്പിനും പഴുതാരയ്ക്കും വരെ ഇഴയാന്‍ തടസ്സമില്ലാത്ത വഴികളില്‍ ദലിതര്‍ക്ക് വിലക്കുണ്ടായിരുന്നു. ആരാധനാലയങ്ങളില്‍ പ്രവേശനവും മാറു മറയ്ക്കാന്‍ അവകാശവും ദലിതര്‍ക്കു നേടിക്കൊടുത്തത് ഇത്തരം പോരാട്ടങ്ങളാണ്. വിശ്വാസമാണ് എല്ലാമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പോയ കാലങ്ങളിലേയും എതിര്‍പ്പുകള്‍. വിശ്വാസവും ആചാരവും മതവും ജാതിയും സവര്‍ണ ചിന്തകളും മുന്‍നിര്‍ത്തിയായിരുന്നു ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പാക്കിയ അവകാശങ്ങളെ ഇല്ലാതാക്കാന്‍ എക്കാലവും ശ്രമമുണ്ടായതെന്നതിന് ചരിത്രം തെളിവാണ്.
സുപ്രിം കോടതി വിധി ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. എന്നാല്‍, അവകാശ പോരാട്ടങ്ങളുടെ വിജയം ജനാധിപത്യ വ്യവസ്ഥയില്‍ വിശകലനം ചെയ്യണം. ഇപ്പോഴത്തെ സമര കോലാഹലങ്ങള്‍ കേരളത്തെ മുന്നോട്ടാണോ പിറകോട്ടാണോ നയിക്കുക എന്ന് ജനങ്ങള്‍ പരിശോധിക്കണം. സ്ത്രീകളുടെ പദവി ഉയര്‍ത്താനും തുല്യ നീതി ഉറപ്പാക്കാനും വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുന്നത്.
ഇവിടെ ആചാരാനുഷ്ഠാനങ്ങള്‍ പറഞ്ഞ് പൊതുസമ്പത്തും അവകാശങ്ങളും കൈയടക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. പന്തല്ലൂര്‍ േക്ഷത്ര ഭൂമി നിയമ പോരാട്ടത്തിനൊടുവില്‍ മനോരമയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍നിന്നു കോടതി വിധിയിലൂടെ ഏറ്റെടുത്ത സാഹചര്യത്തിലാണ് സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ വി എസ് അച്യുതാനന്ദന് ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്‍കിയത്.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി അനില്‍, പന്തലൂര്‍ ക്ഷേത്ര സമിതി പ്രസിഡന്റ് കെ പി മണികണ്ഠന്‍, അഡ്വ. രാജ ഗോപാല്‍, കെ ബാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it