സമരക്കാരെ രാജ്യദ്രോഹികള്‍ ആക്കുന്നത് നിഗൂഢ അജണ്ടയുടെ ഭാഗം: എസ്ഡിപിഐ

മലപ്പുറം: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കലിനെതിരേ സമരം ചെയ്തവരെ രാജ്യദ്രോഹികളും വിദ്വംസകപ്രവര്‍ത്തകരുമാക്കി ആക്ഷേപിച്ച മന്ത്രി ജി സുധാകരന്റെ നിലപാട് നിഗൂഢ അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനകീയ സമരങ്ങളെ തീവ്രവാദപ്പട്ടം ചാര്‍ത്തി അടിച്ചൊതുക്കുന്ന ഇടതു കൊളോണിയല്‍ ഫാഷിസത്തിന്റെ ഉദാഹരണമാണിത്. സംഘപരിവാരത്തെ സഹായിക്കുന്ന നിലപാടാണിത്. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ ജനാധിപത്യപരമായ സമരത്തെ പോലിസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്നത് ജനാധിപത്യ ലംഘനമാണ്. മലപ്പുറത്തുകാരുടെ സമരങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമം. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പാസാവുന്നതെന്ന അച്യുതാനന്ദന്റെയും മലപ്പുറത്തുകാര്‍ വാര്‍ഗീയവാദികളാണെന്ന കടകംപള്ളി സുരേന്ദ്രന്റെയും പ്രസ്താവന പോലെയാണ് ജി സുധാകരന്റെ ആക്ഷേപവും. പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവും സിപിഎം ജനപ്രതിനിധിയുമായ സമീര്‍ ഭീകരവാദിയാണോ എന്ന് വ്യക്തമാക്കണം. അശാസ്ത്രീയ അലൈന്‍മെന്റാണ് കിടപ്പാടം നഷ്ടപ്പെടാനിടയാക്കുന്നത്.
ഇതിനു പരിഹാരം കാണണം. ഗെയില്‍, ദേശീയപാത സമരങ്ങളെ അടിച്ചൊതുക്കി ഭൂമി കൈയേറുന്നതിന് സഹായം ചെയ്യുന്ന നിലപാടാണ് മുസ്‌ലിംലീഗിന്റേത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ ജനകീയ ചെറുത്തുനില്‍പ്പിന് നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജില്ലാ സെക്രട്ടറി എ വീരാന്‍കുട്ടി പങ്കെടുത്തു.
Next Story

RELATED STORIES

Share it