Flash News

സമരക്കാരെ പോലിസ് തല്ലിച്ചതച്ച സംഭവം: ഐജി ഓഫിസ്മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം



കൊച്ചി: പുതുവൈപ്പില്‍  സമരം നടത്തിയവരെ തല്ലിച്ചതയ്ക്കാന്‍ നേതൃത്വം നല്‍കിയ എറണാകുളം ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐജി ഓഫിസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലിസ് ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച സമരക്കാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇന്നലെ രാവിലെ 11ഓടെയാണ് എഐവൈഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. സിപിഐ ജില്ലാ സെക്രട്ടറി പി രാജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പോലിസിനും മുഖ്യമന്ത്രിക്കും എതിരേ കടുത്ത വിമര്‍ശനമാണ് പി രാജു ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയത്. പോലിസിനെ മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാന്‍ പറ്റില്ലെങ്കില്‍ അക്കാര്യം തുറന്നു പറഞ്ഞാല്‍ സിപിഐ ഏറ്റെടുക്കാമെന്ന് പി രാജു പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പോലിസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ നടപടിയുണ്ടായാല്‍ അതിന്റെ നാണക്കേട് തങ്ങള്‍ക്കല്ല മുഖ്യമന്ത്രിക്കാണ്. അതുകൊണ്ട് യതീഷ് ചന്ദ്രയെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതിനു ശേഷം വേണം  മുഖ്യമന്ത്രി ചര്‍ച്ച നടത്താനെന്നും പി രാജു പറഞ്ഞു. രാവിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസില്‍ നിന്നു തുടങ്ങിയ മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അഡ്വ. മനോജ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍ അരുണ്‍, കെ എം ദിനകരന്‍, കെ എന്‍ സുഗതന്‍, ഇ കെ ശിവന്‍, എം ടി നിക്‌സണ്‍ സംസാരിച്ചു. പി കെ രാജേഷ്, രാജേഷ് കാവുങ്കല്‍, വി എസ് സുനില്‍കുമാര്‍ ,ആല്‍വിന്‍ സേവ്യര്‍, ടി എം ഷെനിന്‍, പി എ നവാസ്, അസ്‌ലഫ് പാറേക്കാടന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it