Idukki local

സമരം ശക്തമാക്കി ജീവനക്കാര്‍; തപാല്‍ ഉരുപ്പടികള്‍ കുന്നുകൂടി

തൊടുപുഴ: തപാല്‍ ജീവനക്കാര്‍ സമരം ശക്തമായി തുടരുന്നതിനിടെ എല്ലാ പോസ്റ്റോഫിസുകളിലും അനുബന്ധ ഓഫിസുകളിലും ഉരുപ്പടികള്‍ കുന്നുകൂടി. അത്യാവശ്യ ഇടപാടുകള്‍ പോലും നടത്താനാവാതെ ജനം ദുരിതത്തിലുമായി. കത്തിടപാടുകളടക്കം പോസ്റ്റോ ഫിസുകള്‍ വഴിയുള്ള സേവനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. ജോലി അഭിമുഖത്തിനുള്ള കത്തുകള്‍, പരീക്ഷാ ഹാള്‍ ടിക്കറ്റുകള്‍, റജിസ്‌റ്റേഡ്, സ്പീഡ് പോസ്റ്റ് വഴിയെത്തുന്ന മറ്റ് അടിയന്തര സന്ദേശങ്ങള്‍ എന്നിവയടക്കം വിവിധ ഓഫിസുകളില്‍ കെട്ടിക്കിടക്കുകയാണ്.
ലെറ്റര്‍ ബോക്‌സുകളില്‍ നിന്നു കത്തുകള്‍ ശേഖരിക്കുന്നതും മുടങ്ങി. തൊടുപുഴ, കട്ടപ്പന ഹെഡ് പോസ്റ്റോഫിസുകള്‍, തൊടുപുഴ പോസ്റ്റല്‍ സോര്‍ട്ടിങ് ഓഫിസ് എന്നിവയടക്കം ജില്ലയിലെ പോസ്റ്റോഫിസുകളുടെ പ്രവര്‍ത്തനം നടക്കുന്നില്ല. ജില്ലയിലെ പോസ്റ്റോഫിസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി സമരത്തിനു മുമ്പുള്ള ദിവസങ്ങളിലും പോസ്റ്റോഫിസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, തപാല്‍ സേവിങ്‌സ് ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതു പണമിടപാടുകള്‍ക്കു പോസ്റ്റോഫിസുകളെ ആശ്രയിച്ചിരുന്ന സാധാരണക്കാരെ ദുരിതത്തിലാക്കി.
വിവിധ പോസ്റ്റോഫിസ് സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് അത്യാവശ്യങ്ങള്‍ക്കു പോലും പണം വിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വിവാഹം അടക്കമുള്ള ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പണം പിന്‍വലിക്കേണ്ടവര്‍ വലയുകയാണ്. പാസ്‌പോര്‍ട്ടുകള്‍, സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റുകള്‍ (എല്‍പിസി) എന്നിവ അടിയന്തരമായി ലഭിക്കേണ്ടവരും പ്രതിസന്ധിയിലായി.
നാഷനല്‍ സേവിങ്‌സ് സ്‌കീം പദ്ധതിയില്‍ ജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിച്ച പോസ്റ്റല്‍ ഏജന്റുമാര്‍ക്കു പണം ഓഫിസുകളില്‍ അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കോടതി കേസുകള്‍ സംബന്ധിച്ച രേഖകള്‍, ബാങ്കുകളുടെയും സര്‍ക്കാരിന്റെയും കത്തിടപാടുകള്‍ എന്നിവയുടെ വിതരണം മുടങ്ങുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നെടുങ്കണ്ടം, പീരുമേട് തുടങ്ങിയ സ്ഥലങ്ങളില്‍ തുറക്കാന്‍ ശ്രമിച്ച പോസ്റ്റോഫിസുകള്‍ സമരാനുകൂലികള്‍ തടഞ്ഞിരുന്നു.  എന്‍എഫ്പിഇ, എഫ്എന്‍പിഒ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്.
Next Story

RELATED STORIES

Share it