സമരം ചെയ്യേണ്ടിവരുന്നത് സഭയുടെ നിലപാടുമൂലമെന്ന് സിസ്റ്റര്‍ അനുപമ

കൊച്ചി: ഹൈക്കോടതി ജങ്ഷനില്‍ നടക്കുന്ന സമരത്തെ തള്ളിയ കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി)ക്കെതിരേ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. തങ്ങള്‍ തെരുവില്‍ സമരം ചെയ്യേണ്ടി വന്നതു സഭാനേതൃത്വം കാരണമാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
സഭാ നേതൃത്വം യഥാസമയം നീതി നടപ്പാക്കിത്തന്നിരുന്നെങ്കില്‍ തങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടിവരില്ലായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞ് സഭയ്ക്ക് നാണക്കേടുണ്ടാവാതിരിക്കാന്‍ സഭയെ തന്നെ ആദ്യം തങ്ങള്‍ സമീപിച്ചിരുന്നു.
സഭയില്‍ നിന്നു നീതികിട്ടാതിരുന്നതിനെ തുടര്‍ന്നാണ് പോലിസില്‍ പരാതിനല്‍കിയത്. കെസിബിസി പോലും തങ്ങളെ പിന്തുണയ്ക്കാത്തത് ബിഷപ് ഫ്രാങ്കോയുടെ സ്വാധീനംമൂലമാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. സാധാരണക്കാരനെതിരെയുള്ള പരാതിയായിരുന്നെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ അയാള്‍ കല്‍ത്തുറുങ്കി—ലായേനെയെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
ബിഷപ്പിനെതിരെയുള്ള പരാതിയില്‍ കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശത്തില്‍ തങ്ങള്‍ക്കു നിരാശയുണ്ടെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ നീന റോസ് പറഞ്ഞു. ബിഷപ്പിനെതിരേ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരത്തെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തി ല്‍ ബിഷപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തെളിവുകളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കോടതിയില്‍ നിന്നു തുടര്‍നടപടികളുണ്ടായില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.
തങ്ങള്‍ താമസിക്കുന്ന കുറുവിലങ്ങാട് മഠം തീരേ സുരക്ഷിതമല്ല. ആകെ എട്ട് പേരാണ് മഠത്തിലുള്ളത്. ഇതില്‍ ആറുപേരും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ഒപ്പമാണ്. എന്നാല്‍ ബാക്കിയുള്ള രണ്ടുപേര്‍ തങ്ങളുടെ ഓരോ ചലനവും അപ്പപ്പോള്‍ ബിഷപ്പിനും കൂട്ടര്‍ക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജീവന് വരെ ഭീഷണിയുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നുകളയുമോ എന്ന് ഭയമുണ്ടെന്നും സിസ്റ്റര്‍ നീന റോസ് പറഞ്ഞു.

Next Story

RELATED STORIES

Share it