ernakulam local

സമരം ചെയ്തവര്‍ക്കെതിരേ കേസെടുത്തു

മട്ടാഞ്ചേരി: കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായുള്ള പരാതിയില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാലശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ തോപ്പുംപടി പോലിസ് കേസെടുത്തു.
കഴിഞ്ഞ ഏഴിനാണ് ഇടക്കൊച്ചി സ്വദേശി സുധീറിന്റെ മകള്‍ ഐശ്വര്യ ദേവിയെന്ന പതിനെട്ടുകാരി മരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ യുവതിയുടെ ബന്ധുക്കള്‍ മൃതദേഹം ആശുപത്രിക്ക് മുന്നിലെത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇവരോടൊപ്പം അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതാണ് പോലിസിനെ കേസെടുക്കാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷമീര്‍ വളവത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിത്ത് അമീര്‍ ബാവ, നിയോജക മണ്ഡലം പ്രസിഡന്റ് കെ ആര്‍ രജീഷ് ഉള്‍പ്പെടെ പത്തോളം പേരെ പ്രതികളാക്കിയാണ് പോലിസ് ഗതാഗതം തടസ്സമുണ്ടാക്കിയതിന് കേസെടുത്തിട്ടുള്ളതെന്നാണ് വിവരം. അതേസമയം യുവതിയുടെ മരണത്തിന് ഇടയാക്കിയെന്ന് പറയപ്പെടുന്ന ഡോക്ടര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവതിയുടെ പിതാവ് സുധീറിനൊപ്പം കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് പി എച്ച് നാസറിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരി അസി. കമ്മീഷ്ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it