kannur local

സമരം കോടതിയോടുള്ള വെല്ലുവിളിയെന്ന് ബസ്സുടമകള്‍



കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ജെ സെബാസ്റ്റ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂനിയന്‍ നേതാക്കളുടെ പിടിവാശിയാണ് സമരത്തിനു കാരണം. തൊഴിലാളികള്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളിലും അനുകൂല സമീപനമാണ് ചര്‍ച്ചകളില്‍ ഉടമകള്‍ കൈക്കൊണ്ടത്. 10ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ബോണസ് നല്‍കേണ്ടതില്ലെന്നാണു കോടതി വിധി. എന്നാലും കഴിഞ്ഞ കാലങ്ങളില്‍ നല്‍കിവന്ന ബോണസ് ഇത്തവണയും നല്‍കാന്‍ ഉടമകള്‍ തയ്യാറാണ്. പലര്‍ക്കും വിഷുവിനും ഓണത്തിനുമായി തുക നല്‍കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഉടന്‍ നല്‍കാന്‍ തയ്യാറാണ്. രണ്ട് തവണയായുള്ള ഡിഎ കുടിശ്ശിക ബസ് ചാര്‍ജ്ജ് വര്‍ധനവ് നിലവില്‍ വന്നാല്‍ നല്‍കാന്‍ തയ്യാറാണ്. ഇക്കാര്യങ്ങള്‍ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബസ്സുടമകള്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കോടതി വിധിയുള്ളതിനാല്‍ ബോണസ് അനുവദിക്കുന്നുവെന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് എതിര്‍ത്തത്. ഇതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കലക്ടര്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ട് ഉടമകള്‍ പങ്കെടുത്തില്ലെന്ന വാര്‍ത്തകള്‍ തെറ്റാണ്. ലേബര്‍ ഓഫിസര്‍ പ്രശ്‌നം വഷളക്കാനാണ് ശ്രമിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ രാജ്കുമാര്‍ കരുവാരത്ത്, എം പി വല്‍സലന്‍, കെ ഗംഗാധരന്‍, പി കെ പവിത്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it