സമരം ഒരാഴ്ച പിന്നിടുന്നു; ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കി സമരക്കാര്‍

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ തെരുവില്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. ഹൈക്കോടതി ജങ്ഷനിലെ വഞ്ചി ചത്വരത്തില്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് സമരസമിതിയുടെ സമരത്തിന്റെ പന്തലിലേക്ക്് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദിനംപ്രതി നൂറുകണക്കിനാളുകളാണു പിന്തുണയുമായി എത്തുന്നത്. ഇന്നലെ നടന്ന സമരത്തില്‍ പങ്കെടുക്കാന്‍ യുവാക്കളടക്കമുള്ളവരുടെ ഒഴുക്കായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ വനിതാ പ്രതിനിധികള്‍ എത്തിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 19ന് അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാവുന്ന ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള നാലു കന്യാസ്ത്രീകളെ കൂടാതെ പരാതിക്കാരിയുടെ രണ്ട് സഹോദരിമാരും സഹോദരനും ഇന്നലെ സമരപ്പന്തലിലെത്തി. രാവിലെ തന്നെ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ സമരപ്പന്തലിലെത്തിയിരുന്നു. മഹിളാ കോ ണ്‍ഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ്, സാമൂഹിക പ്രവര്‍ത്തക വി പി സുഹറ, നടനും സംവിധായകനുമായ മധുപാല്‍, നടന്‍ കുമരകം രഘുനാഥ്, കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. കെ ജി പൗലോസ്, ഫാ. അഗസ്റ്റിന്‍ വട്ടോളി, ദലിത് ആക്റ്റിവിസ്റ്റ് ധന്യ രാമന്‍, ചിത്രകാരന്‍ സത്യപാല്‍, യുവജനവേദി, എംസിപിഐ യുനൈറ്റഡ്, ഹ്യൂമന്റൈറ്റ്‌സ് ഫെഡറേഷ ന്‍, ജീസസ് കെയര്‍ ചാരിറ്റബി ള്‍ സൊസൈറ്റി, ആദിവാസി ദലിത് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ പ്രതിനിധികള്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സഭയ്ക്കും പൗരോഹിത്യത്തിനും കളങ്കം വരുത്തിവച്ച ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരേ സെക്രേട്ടറിയറ്റിനു മുന്നില്‍ 18നു ധര്‍ണ നടത്തുമെന്നും ലതിക സുഭാഷ് പറഞ്ഞു. തെറ്റുകള്‍ ഏറ്റുപറയുന്നിടമാണ് കുമ്പസാരക്കൂടെന്നും എന്നാല്‍ അവിടെ വച്ചുപോലും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്ന അവസ്ഥയിലേക്ക് സ്ത്രീകളെ തള്ളിയിടുകയാണെന്നാണ് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും സാമൂഹികപ്രവര്‍ത്തക വി പി സുഹ്‌റ പറഞ്ഞു. നിരന്തരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ കന്യാസ്ത്രീ സ്വന്തം അമ്മയെപ്പോലെ കരുതുന്ന സന്ന്യാസിനിസഭയുടെ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി പോലിസുകാര്‍ ചോദ്യംചെയ്തുവെന്നല്ലാതെ ബിഷപ് ഫ്രാങ്കോയുടെ സിംഹാസനത്തിന് യാതൊരുവിധ ഇളക്കവും സംഭവിച്ചില്ല. സഭയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകള്‍ നീതിക്കായി എവിടെയാണ് ചെല്ലേണ്ടതെന്നും സുഹ്‌റ ചോദിച്ചു. രാജ്യത്ത് നിലവിലുള്ള നിയമം ഏവര്‍ക്കും തുല്യമാവണമെന്ന് നടന്‍ മധുപാല്‍ പറഞ്ഞു. ഒരു സ്ത്രീയും തനിക്ക് പീഡനമേല്‍ക്കേണ്ടിവന്നുവെന്ന് വെറുതെ പറയില്ല. തനിക്ക് നീതി ലഭിക്കണമെന്ന് ഒരു ഇര പറയുന്നതുതന്നെ വലിയ പീഡനമാണെന്നും അദ്ദേഹം പറഞ്ഞു. സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലില്‍ എത്തിയവര്‍ വൈകീട്ട് അഞ്ചോടെ കൂട്ടമായി റോഡിലിറങ്ങി വഞ്ചി ചത്വരത്തിന് മുന്നില്‍ നില്‍പ്പ് സമരവും നടത്തി.
പ്രതീകാത്മക കന്യാസ്ത്രീയുടെ ചിത്രവും പിടിച്ച് അറസ്റ്റ് ഫ്രാങ്കോ, സേവ് ഔവര്‍ സിസ്റ്റര്‍ എന്ന മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു സമരം. ഇതിനിടയില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരവിരുദ്ധതരംഗവുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ടെങ്കിലും ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് വരെ സമരം തുടരാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് സമരാനുകൂലികള്‍.

Next Story

RELATED STORIES

Share it