ernakulam local

സമരം ഒത്തുതീര്‍പ്പായി; കടല്‍ഭിത്തി നിര്‍മാണം ഉടന്‍

പള്ളുരുത്തി: കഴിഞ്ഞ ആറ് ദിവസമായി ചെല്ലാനത്തെ മല്‍സ്യത്തൊഴിലാളികള്‍ ദുരിതാശ്വാസ ക്യാംപില്‍ തുടര്‍ന്നുവന്ന റിലേ നിരാഹാര സമരം ഒടുവില്‍ ഒത്തുതീര്‍പ്പായി. സമര സമിതി നേതാക്കളുമായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും കെ ജെ മാക്‌സി എംഎല്‍എയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്ത് തീര്‍ന്നത്. സമരക്കാര്‍ ഉന്നയിച്ച ആറ് കാര്യങ്ങളില്‍ അഞ്ച് കാര്യം സമയബന്ധിതമായി തീര്‍ക്കാമെന്ന് എംഎല്‍എയും കലക്ടറും സമരക്കാരെ അറിയിച്ചു. ബീച്ച് റോഡ് മുതല്‍ ചെല്ലാനം തെക്കേഅറ്റം വരെയുള്ള പുലിമുട്ടുകളുടെ നിര്‍മാണം ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ചെയ്യുമെന്നും അതിന് സമയം അനുവദിക്കണമെന്നുമുള്ള എംഎല്‍എയുടെ ആവശ്യം സമരക്കാര്‍ അംഗീകരിച്ചു. ഓഖി ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന കടല്‍ഭിത്തികളുടെ പുനര്‍നിര്‍മാണം ഇന്നലെ മുതല്‍ തന്നെ ആരംഭിച്ചു. ബാക്കി ഭാഗങ്ങളിലെ കടല്‍ഭിത്തിയുടെ നിര്‍മാണം ജിയോ വാള്‍ ഉള്‍പ്പെടെ തീര്‍ത്ത്  ഏപ്രില്‍ മുപ്പതിനകം പൂര്‍ത്തിയാക്കുമെന്നും കലക്ടറും എംഎല്‍എയും സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. ദുരന്തത്തില്‍ മരിച്ച റെക്‌സന്റെ ഭാര്യക്ക് ജോലി നല്‍കും. തകര്‍ന്ന വീടുകള്‍ മുഴുവന്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരം നല്‍കുവാനുള്ള നടപടിയുണ്ടാകുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് ലഭിച്ചതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സമിതി തീരുമാനിച്ചത്. സമരത്തിന്റെ ഒന്നാം ഘട്ടമാണ് കഴിഞ്ഞതെന്നും ഏപ്രില്‍ മുപ്പതിനകം പുലിമുട്ട് ഒഴികെയുള്ള കാര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ സമരം വീണ്ടും ആരംഭിക്കുമെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. കലക്ടര്‍, എംഎല്‍എ എന്നിവര്‍ക്ക് പുറമേ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, സിപിഎം ഏരിയാ സെക്രട്ടറിമാരായ പി എ പീറ്റര്‍, കെ എം റിയാദ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി, ടി കെ വല്‍സന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it