thrissur local

സമരം ഏഴാം ദിവസം; പൊതുമരാമത്ത് വകുപ്പ് ഓഫി സിന് മുന്നില്‍ ധര്‍ണ ഇന്ന്

മാള: കരിങ്ങോള്‍ച്ചിറ പാലം നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് വേണ്ടി ജനകീയ കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. പൊതുമരാമത്ത് വകുപ്പ് മാള സബ്ബ് എഞ്ചിനീയര്‍ ഓഫീസിന് മുന്നില്‍ ഇന്ന് ജനകീയ ധര്‍ണ്ണ നടത്തും. ഇന്നലെ നടന്ന സമരത്തില്‍ ജനകീയകൂട്ടായ്മ ഖജാഞ്ചി അഷ്‌റഫ് വൈപ്പിന്‍കാട്ടില്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ടി എ അബ്ദുല്‍മജീദ്, ഫൈസല്‍ ഒലവക്കോട്, വാസു പിണ്ടാണി നിരാഹാരമനുഷ്ഠിച്ചു. നിരാഹാരസമരം പുത്തന്‍ചിറ വികസനകാര്യ സ്ഥിരം കമ്മറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സാലി സജീര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമരപന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. സമരപ്പന്തലില്‍ വൈകിട്ട് അഞ്ചിന് നടന്ന പ്രതിഷേധ കൂട്ടായ്മ പൈതൃക സംരക്ഷണ സമിതി സെക്രട്ടറി പി കെ കിട്ടന്‍ മാഷ് ഉദ്ഘാടനം ചെയ്തു. കരിങ്ങോള്‍ച്ചിറ പാലം നിര്‍മാണം പുനരാരംഭിക്കുന്നതിന് നടത്തുന്ന സമരത്തിന് യാതൊരുവിധ രാഷ്ട്രീയ ചായ്‌വും നല്‍കരുതെന്ന് പ്രതിഷേധ കൂട്ടായ്മയില്‍ സമര സമിതി അഭ്യര്‍ഥിച്ചു. ഈ സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഭരണസംവിധാനത്തിനോ നിയമ സംഹിതകള്‍ക്കോ എതിരായല്ല മറിച്ച് എട്ടു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പാലത്തിന്റെ നിര്‍മ്മാണം തുടങ്ങുന്നതിന് വേണ്ടി മാത്രമാണ്. ഇത് ആര്‍ക്കെങ്കിലും എതിരാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് കുറ്റബോധം കൊണ്ട് മാത്രമാണെന്നും സമരസമിതി അറിയിച്ചു.  പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം പാലത്തിന്റ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ നടത്തിയ ഇടപെടലുകള്‍ പാലത്തിന്റെ സാങ്കേതിക നിയമ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് സമര സമിതി വിലയിരുത്തി. തുടര്‍ന്നും ഇത്തരം ഇടപെടലുകളുണ്ടെങ്കില്‍ പാലം നിര്‍മാണം ഉടന്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് സമരസമതി പ്രത്യാശ പ്രകടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റേയും അനാസ്ഥകൊണ്ട് നിര്‍മാണം മുടങ്ങിയ പാലത്തിന്റെ പണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന് വടമ പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിനു മുന്നില്‍ നടക്കുന്ന ജനകീയ ധര്‍ണ്ണ കൂട്ടായ്മ സെക്രട്ടറി യു കെ വേലായുധന്‍ ഉദ്ഘാടനം ചെയ്യും. ധര്‍ണ്ണ തികച്ചും സമാധാനപരമായിരിക്കും എന്ന് സമരസമിതി അറിയിച്ചു.
Next Story

RELATED STORIES

Share it