kannur local

സമയമാറ്റം ഇരുട്ടടിയായി; യാത്രക്കാര്‍ ട്രെയിന്‍ ഉപേക്ഷിക്കുന്നു



കണ്ണൂര്‍: ട്രെയിന്‍ സമയത്തിലുണ്ടായ പുതിയമാറ്റം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സമയം കുറച്ച്, വേഗം കൂട്ടി ട്രെയിന്‍ ഓടുമെന്നാണ് റെയില്‍ അധികൃതരുടെ പ്രഖ്യാപനം. എന്നാല്‍ ഇത് വിനയാകുന്നത്് പ്രത്യേകിച്ച് സ്ഥിരം യാത്രക്കാര്‍ക്കാണ്. രാവിലെയുള്ള മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിന്റെ സമയത്തിലുണ്ടായ മാറ്റവും മംഗളൂരു സെന്‍ട്രല്‍ കോഴിക്കോട്ടേക്കുള്ള സമയ മാറ്റവും വിദ്യാര്‍ഥികളും ജീവനക്കാരും അടക്കമുള്ള സ്ഥിരം യാത്രക്കാരെയാണ് കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയത്. പരശുറാം 25 മിനുട്ട് വൈകിയും മംഗളൂരു സെന്‍ട്രല്‍ കോഴിക്കോട്ടേക്ക് 40 മിനുട്ട് നേരത്തെയുമാണ് പുതുക്കിയ സമയപ്രകാരം കണ്ണൂരിലെത്തുക. 8.40 നു പുറപ്പെട്ടിരുന്ന ട്രെയിന്‍ ഇനി മുതല്‍ എട്ടിനാണ് പുറപ്പെടുക. രാവിലെ 7.15നു പുറപ്പെടുന്ന പരശുറാം 7.40ന് പുറപ്പെടും. കോഴിക്കോട് ഭാഗത്തേക്കു പോവുന്നവര്‍ ഏറെയും ഈ ട്രെയിനിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ സമയം ഉദ്യോഗസ്ഥരുടെ ഓഫിസ് സമയത്തെയും വിദ്യാര്‍ഥികളുടെ കോളജ് സമയത്തെയും ബാധിക്കും. ഇതോടെ സ്ഥിരം യാത്രക്കാര്‍ പലരും ട്രെയിന്‍ യാത്രതന്നെ ഉപേക്ഷിച്ച് ബസ്സുകളെ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്. രാവിലെയും വൈകീട്ടും പാസഞ്ചര്‍ ട്രെയിനില്‍ വരുത്തിയ മാറ്റവും യാത്രക്കാര്‍ക്കു പൊല്ലാപ്പായി. പൊടുന്നനെ വരുത്തുന്ന ഇത്തരം സമയമാറ്റം യാത്രക്കാരുടെ ജീവിതത്തെ താളംതെറ്റിക്കുകയാണ്. രാവിലെ 7.25ന് ഉണ്ടായിരുന്ന കണ്ണൂര്‍-മംഗലൂരു പാസഞ്ചര്‍ ട്രെയിന്‍ ഇപ്പോള്‍ 7.15നാണ് പുറപ്പെടുക. രാവിലെയുള്ള കണ്ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ പത്തും കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ അഞ്ചും മിനിറ്റ് നേരത്തേയാണ് ഓടുക. വൈകീട്ട് 4.20നെത്തുന്ന കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചറിന്റെ സമയത്തില്‍ മാത്രം മാറ്റമില്ല. കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചര്‍ 10 മിനുട്ട് വൈകിയോടും. അതായത് നേരത്തേ കണ്ണൂരില്‍നിന്നു 5.20നു പുറപ്പെട്ടിരുന്ന ട്രെയിന്‍ പുതിയ സമയമനുസരിച്ച് 5.10നാണ് പുറപ്പെടുക. റെയില്‍വേ ട്രാക്കുകളുടെയും സ്റ്റേഷനുകളെയും അറ്റകുറ്റപ്പണിയുടെ പേരില്‍ മണിക്കൂറുകള്‍ സമയം തെറ്റിയെത്തുന്ന ട്രെയിനുകള്‍ ഉണ്ടാക്കുന്ന ദുരിതം നവംബറോടെ മാറിക്കിട്ടുമെന്നു വിശ്വസിച്ച യാത്രക്കാര്‍ക്കു പുതിയ സമയക്രമം ഇരുട്ടടിയായിരിക്കുകയാണ്. അതിനാല്‍ സമയക്രമത്തിലുള്ള മാറ്റം പുന:ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it