സമദൂരം സമസൗഹൃദം ; കൊതിപ്പിക്കുന്ന മാണി തന്ത്രം



യുഡിഎഫിനെ ത്വലാഖ് ചെയ്ത മാണി സാര്‍ ആന്റ് കമ്പനിയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപിയും സിപിഎമ്മും മണിയടി തുടങ്ങിയിട്ട് കുറച്ചായി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ മാണി കോണ്‍ഗ്രസ്സിന്റെ സിപിഎം സഹകരണത്തിനു ശേഷം പ്രത്യേകിച്ചും. അത് മനസ്സിലാക്കിയിട്ടാവും ഇരുപക്ഷത്തെയും കൊതിപ്പിച്ച് കിതപ്പിക്കുന്ന തന്ത്രവുമായി മാണി സാര്‍ ഇറങ്ങിയിരിക്കുന്നത്. പാര്‍ട്ടിയുടെ  നിലപാട് മാണി ഇന്നലെ സഭയില്‍ വ്യക്തമാക്കി. ആരോടും വെറുപ്പില്ല, അതിരുകടന്ന സ്‌നേഹവുമില്ല. സമദൂരം സമസൗഹൃദം അതാണേ്രത ഇനിമുതലുള്ള മാണി കോണ്‍ഗ്രസ് ആപ്തവാക്യം. വീണിടം വിഷ്ണു ലോകമാക്കുന്ന കേരളാ കോണ്‍ഗ്രസ്സുകാരെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും മിനക്കെടേണ്ടാന്ന് ചുരുക്കം. കോണ്‍ഗ്രസ്സിന്റെ തണലില്‍ അധികാര സൗകര്യങ്ങള്‍ നേടിയശേഷം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ മാണി കോണ്‍ഗ്രസ്സിനെതിരേ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ എയ്തുള്ളതായിരുന്നു കെ മുരളീധരന്റെ പ്രസംഗം. അതിനുള്ള മറുപടിയായി പണ്ട്  ഡിഐസിയുണ്ടാക്കിയതൊക്കെ ഓര്‍മയുണ്ടോയെന്ന് മാണിയുടെ മറു ചോദ്യം.   വാഗമണ്ണില്‍ സിപിഐയെ കൂട്ടി കോണ്‍ഗ്രസ്സുകാര്‍ തങ്ങളുടെ പ്രതിനിധിയെ പുറത്താക്കി. ഇതിനു തിരിച്ചടിയെന്ന പ്രതിനിധികളുടെ തീരുമാനമാണ് കോട്ടയത്തേത്. എങ്കിലും അത് നിര്‍ഭാഗ്യകരമാണെന്നും മാണി. മാണി ബാന്ധവം ഒരുവേള ടേണ്‍ ചെയ്ത് ബിജെപി ബന്ധത്തിലെത്തി. കെ കുഞ്ഞിരാമനാണ്  തുടക്കം. തന്റെ മണ്ഡലത്തിലെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒന്നിച്ചാണത്രേ ഭരിക്കുന്നത്. പറഞ്ഞ് പൂര്‍ത്തിയാക്കും മുമ്പേ നേമം ബ്ലോക്ക് പഞ്ചായത്തിലെ സിപിഎം- ബിജെപി ബാന്ധവം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സിലെ വിന്‍സെന്റിന്റെ വക സ്മാഷ്. മാറനല്ലൂര്‍  വിഷയംകൂടി പറയണമെന്ന് പറഞ്ഞ് ഭരണപക്ഷത്തെ തിരിച്ചടി. തര്‍ക്കം മൂത്തതോടെ  കുഞ്ഞിരാമന്‍ തന്നെ പരിഹാരം കണ്ടു. കോണ്‍ഗ്രസ് നശിക്കണമെന്ന് ഇടതുപക്ഷത്തിന് ആഗ്രഹമില്ലെന്ന് ടിയാന്‍. ഫാഷിസ്റ്റുകളെ ചെറുക്കാന്‍ കോണ്‍ഗ്രസ് ശക്തമാവണമെന്നുള്ളതുകൊണ്ടാണ് വിമര്‍ശിക്കുന്നതത്രേ.  കോണ്‍ഗ്രസ്സിനെ രക്ഷിക്കാനുള്ള ഒരു മുറിവൈദ്യവും പുള്ളി നിര്‍ദേശിച്ചു. തിരുവഞ്ചൂരും വിഡി സതീശനുമൊക്കെ ദേശീയതലത്തില്‍ പോവണം. രാഹുല്‍ ഗാന്ധിയെ നന്നാക്കണം. അങ്ങനെ കോണ്‍ഗ്രസ്സും നന്നാവും. എന്തായാലും ഈ വിശ്വാസം കോണ്‍ഗ്രസ്സുകാര്‍ക്കുപോലും ഇല്ലെന്നതാണ് സത്യം. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിനുള്ള വിശേഷണം മാറ്റണമെന്നാണ് പി കെ ബഷീറിന്റെ ആവശ്യം. ഇനി മുതല്‍ കേരളം ഒറ്റപ്പെട്ട നാട് എന്നറിയപ്പെടണമെന്നും ബഷീര്‍. വെറുതയല്ല കണ്ണൂരില്‍ നടന്നതും, ജിഷ്ണുവിന്റെ മരണവും, സെന്‍കുമാര്‍ വിഷയത്തിലെ തിരിച്ചടിയുമെല്ലാം ഒറ്റപ്പെട്ട സംഭവം. അങ്ങനെ പിണറായി ഭരിക്കുമ്പോള്‍ കേരളം ഒറ്റപ്പെട്ട നാട് എന്നാക്കുന്നതല്ലേ നല്ലതെന്നും പി കെയുടെ സരസചോദ്യം. സഭയിലെ കെഎസ്്‌യുക്കാരോടായിരുന്നു ഷംസീര്‍ സഖാവിന്റെ കലിപ്പ്. സമരം നടത്താന്‍ അറിയാത്ത കെഎസ്‌യുക്കാരെ പരിഹസിച്ചായിരുന്നു പ്രസംഗം.  മിക്ക കെഎസ്്‌യു നേതാക്കളും ഫേസ്ബുക്കില്‍ മാത്രം ലാത്തികണ്ട് ശീലിച്ചവരാണെന്നും ഷംസീര്‍. സമരമെന്നാല്‍ ലാത്തിയടിയും എറിഞ്ഞുടയ്ക്കലുമാണെന്ന് സഖാവ് പോലും വിശ്വസിച്ചിരിക്കുമ്പോള്‍ കേരളത്തിലെ എസ്എഫ്‌ഐ കുഞ്ഞുങ്ങളെ പറഞ്ഞിട്ടു കാര്യമുണ്ടോ. ചര്‍ച്ചകള്‍ക്കൊടുവില്‍ ധനവകുപ്പിന്റെ രണ്ടാം നമ്പര്‍ ധനാഭ്യര്‍ഥനയും ഹിന്ദു ധര്‍മസ്ഥാപന നിയമ ഭേദഗതി ബില്ലും സഭ പാസാക്കി.
Next Story

RELATED STORIES

Share it