സമത്വ മുന്നേറ്റ യാത്ര സമൂഹത്തില്‍ ചലനം സൃഷ്ടിക്കില്ല: പി അബ്ദുല്‍ ഹമീദ്

കോഴിക്കോട്: വര്‍ഗീയവാദികള്‍ക്കു തകര്‍ക്കാന്‍ കഴിയുന്നതല്ല കേരളീയ സാമൂഹികഘടനയും മതേതര പാരമ്പര്യവുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര അവസാനിക്കുമ്പോള്‍ ഈ കാര്യം ഒരിക്കല്‍ക്കൂടി വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി സംഘപരിവാരം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വര്‍ഗീയ അജണ്ടകളാണ് വെള്ളാപ്പള്ളി ഡല്‍ഹിയില്‍ പോയി മോദിയില്‍നിന്നും അമിത്ഷായില്‍നിന്നും അച്ചാരം വാങ്ങി വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്. മോദി-അമിത്ഷാ കൂട്ടുകെട്ടിന് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ ഉയര്‍ന്ന പൊതുവികാരവും തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേകം വെള്ളാപ്പള്ളിക്ക് ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു നീക്കത്തിന് അദ്ദേഹം തയ്യാറാവുമായിരുന്നില്ല. ശ്രീനാരായണ ഗുരുവും കുമാരനാശാനും നേതൃത്വം നല്‍കിയ പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് വര്‍ഗീയ ധ്രുവീകരണ അജണ്ടകളുമായി മുന്നോട്ടുപോവുന്നത് ചരിത്രത്തോട് ചെയ്യുന്ന പാതകമാണെന്നു വൈകാതെ വെള്ളാപ്പള്ളിക്ക് ബോധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ക്ക് സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ഉപഹാരം നല്‍കി. സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സമിതി അംഗം പി ആര്‍ കൃഷ്ണന്‍ കുട്ടി, ഡോ. അനസ് നിലമ്പൂര്‍, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറിമാരായ നജീബ് അത്തോളി, സാലിം അഴിയൂര്‍, ജമാല്‍ ചാലിയം, സാഹിര്‍ അഴിയൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it