thrissur local

സമഗ്ര വികസനത്തിലൂന്നി തദ്ദേശ സ്ഥാപനങ്ങളിലെ ബജറ്റ്

കൊടുങ്ങല്ലൂര്‍: രണ്ട് കോടിയില്‍ പരം രൂപയുടെ മിച്ച ബഡ്ജറ്റ് കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം നഗരസഭ യോഗം പാസാക്കി. നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ. എംപി എന്നിവരുടെ ഫണ്ടുകള്‍ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഭരണപക്ഷ കൗ ണ്‍സിലര്‍മാരായ സി കെ രാമനാഥന്‍, മുന്‍ ചെയര്‍മാന്‍ സി സി വിപിന്‍ചന്ദ്രന്‍, അഡ്വ. സി പി രമേശന്‍, പി ഒ ദേവസി, പി എന്‍ രാമദാസ് എന്നിവര്‍ നിര്‍ദ്ദേശിച്ചത് കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
മാലിന്യങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ നഗരസഭ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ ബഡ്ജറ്റില്‍ ഉള്‍കൊള്ളിക്കണമെന്നുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാരായ വി ജി ഉണ്ണികൃഷ്ണന്‍, ടി എസ് സജീവന്‍, വി എം ജോണി, ഐ എല്‍ ബൈജു എന്നിവര്‍ നിര്‍ദ്ദേശിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ 61,48,05,230 രൂപ വരവും 59,38,84,571 രൂപ ചിലവും 2,09,20,559 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കി. നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അധ്യക്ഷത വഹിച്ചു.
കയ്പമംഗലം: സ്ത്രീ ശാക്തീകരണത്തിനും, ലൈഫ് മിഷന്‍ പദ്ധതിക്കും ഊന്നല്‍ നല്‍കി പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിക്ക് 64 ലക്ഷവും, സ്ത്രീ ശാക്തീകരണത്തിന് 20 ലക്ഷവും ആരോഗ്യ മേഖലയ്ക്ക് 14 ലക്ഷവും, പട്ടികജാതി ക്ഷേമ പദ്ധതികള്‍ക്ക് 69 ലക്ഷവും, ശിശു ക്ഷേമ പദ്ധതികള്‍ക്കായി 33 ലക്ഷത്തി 52,000 രൂപയും, ഉല്‍പ്പാദന മേഖലയ്ക്ക് 60 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. 12 കോടി 63 ലക്ഷത്തി 81,776 രൂപ വരവും, 12 കോടി 43 ലക്ഷത്തി 58,000 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ അവതരിപ്പിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ബിന്ദു ലോഹിതാക്ഷന്‍, പി വി സതീശന്‍ പങ്കെടുത്തു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചു. മുന്നൂറ്റി നാല് കോടി അയ്യായിരം രൂപ വരവും, ഇരൂനൂറ്റി തൊണ്ണൂറ്റി രണ്ട് കോടി നാല്പത്തി രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരത്തി എഴുനൂറ്റി മുപ്പത്തിനാല് രൂപ ചിലവും വരുന്ന ബജറ്റ് ധനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോറാണ് അവതരിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരിയുടെ നന്മയെ മുന്‍നിര്‍ത്തി ബജറ്റിനെ നിരുപാധികമായി പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍ കെ അജിത്ത് കുമാര്‍ പറഞ്ഞു.
ഇരിങ്ങാലക്കുട: ഉല്‍പാദന, സേവന, പാശ്ചാത്തല മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. പാടശേഖര സമിതികള്‍ക്ക് വെര്‍ട്ടിക്കല്‍ ആക്‌സിസ് പമ്പു സെറ്റ് വിതരണത്തിനായി പതിനഞ്ച് ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. വനിതകള്‍ക്കായി പുഷ്പക്കൃഷിക്ക് രണ്ടു ലക്ഷം രൂപയും എല്‍.ഇ.ഡി. സോളാര്‍ ലൈറ്റ് നിര്‍മാണ പരിശീലന യൂണിറ്റിന് നാല് ലക്ഷവും വകയിരുത്തി. നെല്‍കൃഷി കൂലിച്ചിലവ് സബ്‌സിഡിക്കായി 15 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പൊതു വിഭാഗത്തിലെ 31 കുടുംബങ്ങള്‍ക്കും പട്ടികജാതിയില്‍പ്പെട്ട 23 കുടുംബങ്ങള്‍ക്കും ഭവന പദ്ധതിക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് വി ആര്‍ മനോജ് കുമാര്‍ അധ്യക്ഷനായിരുന്നു.
പാവറട്ടി: ഭവന നിര്‍മാണത്തിനും കുടിവെള്ള പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കി വെങ്കിടങ്ങ് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 15 കോടി 36 ലക്ഷം രൂപ വരവും 14 കോടി 77 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ വി മനോഹരന്‍ അവതരിപ്പിച്ചു. കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണത്തിന് 1 കോടി 12 ലക്ഷം, ലൈഫ് ഭവന പദ്ധതിക്ക് 1 കോടി 93 ലക്ഷം, കാര്‍ഷിക മേഖലയ്ക്ക് 70 ലക്ഷം, മൃഗസംരക്ഷണത്തിന് 37 ലക്ഷം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ 15 ലക്ഷം എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് രതി എം ശങ്കര്‍ അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രത്‌നവല്ലി സുരേന്ദ്രന്‍, സജാ സാദത്ത്, കെ.വി. വേലുകുട്ടി സംസാരിച്ചു.
പാവറട്ടി: മുല്ലശേരിയെ തരിശ് രഹിത പഞ്ചായത്താക്കുമെന്ന പ്രഖ്യാപനത്തോടെ അടുത്ത വര്‍ഷത്തേ ബജറ്റ് അവതരിപ്പിച്ചു. 17 കോടി 81 ലക്ഷം രൂപ വരവും 15 കോടി 62 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍ അവതരിപ്പിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മാനിനയില്‍ ലിഫ്റ്റ് ഇറിഗേഷന് തുടക്കം കുറിക്കും. എലവത്തൂരിലെ ഗ്യാസ് ക്രിമിറ്റോറിയം കമ്മീഷന്‍ ചെയ്യാന്‍ 16 ലക്ഷം വകയിരുത്തി. പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി മാലിന്യ ശേഖരണ കേന്ദ്രത്തിന് 15 ലക്ഷവും ലൈഫ് പദ്ധതിക്കായി 75 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എ കെ ഹുസൈന്‍ അധ്യക്ഷനായിരുന്നു.
Next Story

RELATED STORIES

Share it