kasaragod local

സമഗ്ര വികസനത്തിന് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി സെമിനാര്‍ നടത്തി. ഉല്‍പാദന മേഖലയില്‍ തരിശ് രഹിത കാസര്‍കോട്, ജൈവശ്രീ പദ്ധതി എന്നിവ നടപ്പാക്കാന്‍ ജില്ലാപഞ്ചായത്ത് വികസന സെമിനാര്‍ തീരുമാനിച്ചു.
നാശോന്മുഖമാവുന്ന പുഴകളെ സംരക്ഷിക്കുന്നതിന് ഇനിയും പുഴയൊഴുകും പദ്ധതി നടപ്പാക്കും. ജൈവ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ജൈവവള പരിശോധന ലാബ് സ്ഥാപിക്കും. ഐടി പാര്‍ക്ക്, എമേര്‍ജിങ് കാസര്‍കോട് തുടങ്ങിയ പദ്ധതികളിലൂടെ യുവ സംരംഭകരെ പ്രോല്‍സാഹിപ്പിക്കും.
ചെലവ് രഹിത പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് ക്ലീന്‍ കാസര്‍കോട് പദ്ധതി ആവിഷ്‌കരിക്കും.സമഗ്ര വിദ്യഭ്യാസ വികസന പദ്ധതി, സമഗ്ര കായിക വികസന പരിപാടി, സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നതിന് വിശ്രാന്തി, തകരാറിലായ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തന ക്ഷമമാക്കി പ്രയോജനപ്പെടുത്തുന്നതിനുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ക്ലിനിക്കും ഇ-മാലിന്യ നിര്‍മാര്‍ജന പദ്ധതിയും വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ലാംപ് പദ്ധതിയുടെ ഭാഗമായി ഹലോ ടീച്ചര്‍, കിഡ് സയന്റിസ്റ്റ്, ഇന്നവേഷന്‍ അവാര്‍ഡ് എന്നിവയും നടപ്പാക്കും.
വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ എയ്ഞ്ചല്‍ ഇ-ആംബുലന്‍സ് പദ്ധതി ജില്ലയുടെ ആരോഗ്യരംഗത്തിന് മുതല്‍ കൂട്ടാകും. ജില്ലയിലെ എച്ച്‌ഐവി ബാധിതരുടെ പുനരധിവാസത്തിനും ക്ഷയരോഗികള്‍ക്കായുള്ള പോഷകാഹാര വിതരണ പദ്ധതിയും തുടരും.
കുഷ്ഠരോഗികളെയും മന്തു രോഗികളെയും കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. റോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഹലോ എന്‍ജിനീയറിങ് ഓണ്‍ ലൈന്‍ പദ്ധതി നടപ്പാക്കും. ഹരിത റോഡുകള്‍, മെക്കാഡം മാതൃകാ റോഡുകള്‍, പ്ലാസ്റ്റിക് കലര്‍ത്തി ടാറിങ് നടത്തുന്ന റോഡുകള്‍ എന്നിവയും ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഇടം നേടി. സാമൂഹിക സുരക്ഷാമേഖലയില്‍ ശിശുപ്രിയ, തണല്‍ പദ്ധതികളും തുടരും. ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹനാണ് വികസന സെമിനാറില്‍ പദ്ധതി വിശദീകരണം നടത്തിയത്. ജില്ലയില്‍ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന 2016-17 വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുള്ള വികസന സെമിനാര്‍ സംഘടിപ്പിച്ചു.
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പാദൂര്‍ കുഞ്ഞാമു, ഹര്‍ഷാദ് വോര്‍ക്കാടി, അഡ്വ. ഇ പി ഉഷ, അംഗങ്ങളായ എം നാരായണന്‍, കെ ശ്രീകാന്ത് സംസാരിച്ചു. ഇ പത്മാവതി, ഡോ. വി പി പി മുസ്തഫ, എം കേളുപ്പണിക്കര്‍, മുംതാസ് സമീറ, സുഫൈജ ടീച്ചര്‍, പുഷ്പ അമേക്കള, പി സി സുബൈദ, പി വി പത്മജ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it