സമഗ്ര പ്രതിരോധ കുത്തിവയ്പ് പദ്ധതി നടപ്പാക്കും: മന്ത്രി

കൊച്ചി/ തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് ഉള്‍പ്പെടെയുള്ള എല്ലാ വാക്‌സിനുകളും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സമഗ്ര പ്രതിരോധ കുത്തിവയ്പ് പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒന്നാംഘട്ട പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ ബാബു മുഖ്യപ്രഭാഷണം നടത്തി. ലൂഡി ലൂയിസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ്, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. ജി സുനില്‍കുമാര്‍, ഡിഎംഒ ഡോ. എന്‍ കുട്ടപ്പന്‍, ആരോഗ്യ കേരളം ഡിപിഎം ഡോ. ഹസീന മുഹമ്മദ്, എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി എസ് ഡാലിയ, ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ബി ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് അഞ്ച് വയസ്സിന് താഴെയുള്ള 20,67,626 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി (79 ശതമാനം). 26,18,236 കുഞ്ഞുങ്ങള്‍ക്കാണു മരുന്ന് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകളിലെത്തി അവശേഷിക്കുന്ന കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലടക്കം 23,963 ഓളം ബൂത്തുകളാണു തയ്യാറാക്കിയത്. 71,698 സന്നദ്ധപ്രവര്‍ത്തകരും 2137 സൂപ്പര്‍വൈസര്‍മാരും പോളിയോ വാക്‌സിനേഷനുമായി സഹകരിച്ചു. പ്രത്യേക കോള്‍ഡ് ചെയ്ന്‍ ഗുണനിലവാരം നിലനിര്‍ത്തിയാണു കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത്. ആരോഗ്യം, തദ്ദേശസ്വയംഭരണം, സാമൂഹികക്ഷേമം, വിദ്യാഭ്യാസം, വനം, പട്ടികവര്‍ഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളുടെയും റോട്ടറി, ഐഎപി, ഐഐഎം തുടങ്ങിയ സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് പള്‍സ് പോളിയോ നടത്തിയത്. പദ്ധതിയുടെ രണ്ടാംഘട്ടം ഫെബ്രുവരി 21ന് നടക്കും.
Next Story

RELATED STORIES

Share it