kozhikode local

സമഗ്ര പദ്ധതികളുമായി പെണ്‍കരുത്തിന്റെ സപ്തദിന ക്യാംപ്‌

കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് വിഎച്ച്എസ് സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ജിഎംയുപി സ്‌കൂളില്‍ നടത്തിയ സപ്തദിന ക്യാംപ് കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നതായി . സ്‌കൂള്‍ കാംപസ് വൃത്തിയാക്കി പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു. കാട്പിടിച്ച് കടന്ന സ്‌കൂളിലെ പൊതുകിണര്‍ ശുചീകരിച്ച്, വെള്ളം പരിശോധിച്ച് കുടിവെള്ളത്തിന് യോഗ്യമാണെന്ന് ഉറപ്പ് വരുത്തി. ഇനി വേനല്‍കാലത്ത് ഈ കിണറില്‍ നിന്നും വിവിധപ്രദേശങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാവുന്നതാണ്. 100 വീടുകളില്‍ ഹരിത ഭവനം പദ്ധതി നടപ്പിലാക്കി. പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും അടുക്കളത്തോട്ടം നിര്‍മ്മിച്ച് നല്‍കി. വെണ്ട, ചീര, മുളക്, തക്കാളി, പയര്‍ എന്നിവയുടെ വിത്തുകളാണ് വിദ്യാര്‍ഥികള്‍തന്നെ കൃഷിയിറക്കിയത്. തുടര്‍ന്ന് ഓരോ വീട്ടിലെയും കിണര്‍വെള്ളം പരിശോധനക്കായി ശേഖരിക്കുകയും ക്യാംപ് സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ ലാബില്‍ അവ പരിശോധിക്കുകയും റിപ്പോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ക്ക് കൈമാറുകയും ചെയ്തു. ഇതോടൊപ്പം ഓരോ വീട്ടിലും വൈദ്യുതിയുടെ ഉപഭോഗം കുറക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചോദ്യാവലി നല്‍കി അതിലെ വൈദ്യുതി ഉപയോഗത്തെക്കുറിച്ചുള്ള അഞ്ച് ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം നല്‍കിയവര്‍ക്ക് ഓരോ എല്‍ഇഡി ബള്‍ബ് സമ്മാനമായി നല്‍കുകയും ചെയ്തു. ഇതോടൊപ്പം ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവും വിദ്യാര്‍ഥികള്‍ വീട്ടുകാര്‍ക്ക് നല്‍കി. പുതിയങ്ങാടി ടൗണില്‍ ലഹരി വിരുദ്ധ സന്ദേശയാത്രയും തെരുവു നാടകവും മാജിക്‌ഷോയും താമരശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പുതിയങ്ങാടി റെയില്‍വെ റോഡ് ശുചീകരിച്ചു. നേരത്തെ റോഡിനിരുവശവും കാട്പിടിച്ച് യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാതായിരുന്നു. സ്ഥലത്തെ ഏറ്റവും പ്രധാനപെട്ട പള്ളിയിലേക്കും സ്‌കൂളിലേക്കുമുള്ള റോഡാണ് വിദ്യാര്‍ഥികള്‍ കാല്‍നടക്കാര്‍ക്ക്  യാത്രായോഗ്യമാക്കിയത്. പുതിയങ്ങാടി സ്‌നേഹഭവന്‍ അഗതിമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികളുമായി സംവദിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. സമാപന സമ്മേളനം പൊതുമാരമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ലളിതപ്രഭ ഉദ്ഘാടനം ചെയ്തു. 100 വീടുകളിലെ കിണര്‍വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ കെ കെ റഫീഖ് സ്വീകരിച്ചു. ക്യംപ് മാഗസിന്‍ പ്രകാശനം പ്രിന്‍സിപ്പാള്‍ പി എം ശ്രീദേവി നിര്‍വഹിച്ചു. ക്യമ്പിലെ മികച്ച എന്‍എസ്എസ് വളണ്ടിയറായി ആയുഷി രാജ് പുരോഹിതിനെ തിരെഞ്ഞെടുത്തു. അധ്യാപകരായ സ്വാബിര്‍ കെ ആര്‍, പരോല്‍ ബബിത, ലത പി സി, സീന ടി വി, നാട്ടുകാരായ റഹീം പി കെ, ബാബു ടി, സാമി എം, പ്രസീന, കുമാരി സജ്‌ന എ, സഫ എം വി, ഫര്‍ഷാന ജമീല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജോളി ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it