Alappuzha local

സമഗ്ര നഗരവികസനം ലക്ഷ്യമാക്കി അമൃത് പദ്ധതി നടപ്പാക്കും

ആലപ്പുഴ: സമഗ്രമായ നഗരവികസനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'അമൃത്'(അടല്‍ മിഷന്‍ ഫോര്‍ റിജ്യൂവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‌സ്‌ഫോര്‍മേഷന്‍) പദ്ധതി ആലപ്പുഴ നഗരസഭയില്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത ആലോചനായോഗം.
കെ സി വേണുഗോപാല്‍ എംപി, ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയ്ക്ക് 50 കോടി രൂപയുടെ വികസനപദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരമാവധി ആലപ്പുഴയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് സമ്പൂര്‍ണ വീട് പദ്ധതിക്കുപുറമേ അമൃത് പദ്ധതിയും നഗരത്തില്‍ കൊണ്ടുവരുന്നതെന്ന് എംപി പറഞ്ഞു.
വാര്‍ഡുകളുടെ വികസനത്തിന് വേണ്ടി നഗരത്തിലെ കുടിവെള്ളപദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് 33.9 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. മാലിന്യ സംസ്‌കരണത്തിന് 2.09 കോടിയും വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് 6.28 കോടിയും ഗതാഗത സംവിധാനം ഒരുക്കുന്നതിന് 6.85 കോടി രൂപയും വിനോദകേന്ദ്രങ്ങള്‍ക്ക് 89 ലക്ഷം രൂപയ്ക്കുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. വാര്‍ഡ് വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാകുമെങ്കിലും അതിനെ അതിജീവിച്ച് പൊതുതാല്‍പ്പര്യത്തോടെ മൊത്തം നഗരസഭയുടെ വികസനത്തെ മുന്നില്‍ കണ്ട് സഹകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് വിദഗ്ധപദ്ധതികള്‍ നടപ്പാക്കും. നഗരസഭയിലെ പഴയ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കും. നഗരത്തില്‍ 25 ലക്ഷം രൂപ മുടക്കി പിക്‌നിക് സ്‌പോട്ട് സ്ഥാപിക്കുന്നതിനുള്ള നടപടി മാര്‍ച്ചിനകം പൂര്‍ത്തിയാക്കും.
സുസ്ഥിര നഗരപദ്ധതിയുടെ ഡയറക്ടറും അമൃത് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസറുമായ ആര്‍ ഗിരിജ, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ, നഗരസഭാംഗം എ എം നൗഫല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it