Flash News

സമഗ്ര ജലപരിഷ്‌കരണ നിയമം കൊണ്ടുവരും : മുഖ്യമന്ത്രി



കൊല്ലം: മല്‍സ്യത്തൊഴിലാളികളെ മല്‍സ്യബന്ധനോപകരണങ്ങളുടെ ഉടമകളാക്കി മാറ്റുന്നതിന് കാര്‍ഷികബന്ധ നിയമത്തിന് സമാനമായി സമഗ്രമായ ജലപരിഷ്‌കരണ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കൊല്ലം പീരങ്കി മൈതാനിയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മല്‍സ്യോല്‍സവവും മല്‍സ്യ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മല്‍സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശം മല്‍സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മല്‍സ്യത്തൊഴിലാളികളില്‍ അധികംപേരും സ്വന്തമായി തൊഴിലുപകരണങ്ങള്‍ ഇല്ലാത്തവരും മല്‍സ്യബന്ധന ബോട്ടുകളിലും വള്ളങ്ങളിലും കൂലിവേലക്കാരുമാണ്. സമഗ്രമായ  ജലപരിഷ്‌കരണ നിയമത്തിനായി അക്വേറിയം റിഫോംസ് ആക്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മല്‍സ്യസമ്പത്തിന്റെ നല്ല പങ്ക് കയറ്റുമതി ചെയ്യപ്പെടുകയാണ്. ലാഭത്തില്‍ അധികവും കയറ്റുമതിക്കാര്‍ക്കാണ് കിട്ടുന്നത്. പക്ഷെ മല്‍സ്യത്തൊഴിലാളികളെ അംഗീകരിക്കാന്‍ ഇവര്‍ തയ്യാറല്ല. സെസ്സ് പിരിച്ചെടുക്കുന്നതിനെതിരേ കയറ്റുമതിക്കാര്‍ നല്‍കിയ നിരവധി കേസുകളില്‍ കോടതി സ്റ്റേ അനുവദിച്ചിരിക്കുകയാണ്. വ്യക്തവും ദൃഢവുമായ കാല്‍വയ്പിലൂടെ മല്‍സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി നേടിയെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it