Pathanamthitta local

സമഗ്ര കായിക വികസന പദ്ധതിയുമായി ഏഴംകുളം ഗ്രാമപ്പഞ്ചായത്ത്



ഏഴംകുളം: ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ താമസക്കാരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ജനകീയാസൂത്രണപദ്ധതിയി ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സമഗ്ര കായികവികസന പദ്ധതിയാണ്  ഓടാം, ചാടാം, ഒളിംപിക്‌സിലേക്ക്. പഞ്ചായത്തിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ എല്‍പി, യുപി സ്‌കൂളുകളില്‍  പഠിക്കുന്ന കുട്ടികളെ അഞ്ചു മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളെ സ്‌കൂള്‍  വിഭാഗത്തില്‍ പരിഗണന നല്‍കുന്നത്. 13 വയസ്സ് മുതല്‍ 30 വയസ് വരെയുള്ളവര്‍ക്ക് പ്രത്യേക സെലക്ഷന്‍ നടത്താനാണ് ആലോചിക്കുന്നത്. 300 കുട്ടികള്‍ക്കും 50 യുവജനങ്ങള്‍ക്കും 100 ദിവസം നീണ്ട് നില്‍ക്കുന്ന പരിശീലനമാണ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്. ഇതിലേക്കായി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.25 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, ശിശുക്ഷേമസമിതി, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍, യുവജനക്ഷേമബോര്‍ഡ,് ആരോഗ്യവകുപ്പ്, സാമൂഹികനീതി വകുപ്പ് എന്നീ സര്‍ക്കാര്‍വകുപ്പുകളെ കൂടി പദ്ധതിയില്‍ സഹകരിച്ചുകൊണ്ടാണ് കായികവികസന പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്ത് ആലോചിക്കുന്നത്. സ്‌പോര്‍ട്‌സ്, അത്‌ലറ്റിക്‌സ് മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് കുട്ടികളെയും യുവജനങ്ങളെയും പ്രാപ്തരാക്കിയ ശേഷം സംസ്ഥാന, അഖിലേന്ത്യാ മല്‍സരങ്ങള്‍ക്കൊപ്പം ഒളിംപിക്‌സ് മല്‍സരങ്ങളിലും  ഇവരെ പങ്കാളികളാക്കുക എന്നതാണ് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യം വയ്ക്കുന്നത്. ഇതൊടൊപ്പം ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ജീവിതശൈലി രോഗങ്ങളില്‍ നിന്ന് പുതുതലമുറയെ മുക്തരാക്കുന്നതിനുള്ള ശീലങ്ങള്‍കൂടി പഠിക്കാനും ലക്ഷ്യം വയ്ക്കുന്നു.പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായി ആലോചനായോഗം ചേരും. ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍, എല്‍പി, യുപി സ്‌കൂളിലെ പ്രധാനാധ്യാപകര്‍, ആസൂത്രണസമതി അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ജില്ലാ ശിശുസംരക്ഷണ സമതി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, യുവജനക്ഷേമബോര്‍ഡ്, സാമൂഹികനീതി വകുപ്പ്, കുടുംബശ്രീ സിഡിഎസ് ഭാരവാഹികള്‍ എന്നിവരുടെ യോഗം 17ന്് ഉച്ചയ്ക്ക് രണ്ടിന് ഏഴംകുളം എംസണ്‍ ഓഡിറ്റോറിയത്തില്‍ ചേരുമെന്ന്  പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it