palakkad local

സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബവും കോണ്‍ഗ്രസ്സും

പാലക്കാട്: മദ്യം കടത്തിയെന്ന കുറ്റത്തിന് അഗളി പോലിസ് കസ്റ്റഡിയിലെടുത്ത റിമാന്റ് ചെയ്ത പ്രതി മരിച്ച സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കുടുംബവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടു. ഏപ്രില്‍ 14ന് റിമാന്റ് ചെയ്ത തെങ്കര ഗ്രാമപഞ്ചായത്തിലെ ആനമൂളി തട്ടാരടിയില്‍ വീട്ടില്‍ ടിജോ (39) ആണ് മരണപ്പെട്ടത്. കഴിഞ്ഞ വിഷു ദിനത്തില്‍ അനധികൃത മദ്യം കൈവശം വച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ടിജോയെ റിമാന്റ് ചെയ്തിരുന്നു. ഞായറാഴ്ചയോടു കൂടി നെഞ്ചുവേദന അനുഭവപ്പെട്ടന്നാണ് പോലിസ് പറഞ്ഞത്. എന്നാല്‍ ടിജോയുടെ ആരോഗ്യനില മോശമായിരുന്നില്ലെന്ന് പിതാവ് തോമസും മാതാവ് സിസിലിയും ഭാര്യ ഷിജയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആറുവയസുകാരിയായ മകള്‍ അലീനയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അഞ്ച് ലിറ്റര്‍ മദ്യം കടത്തിയെന്ന് ആരോപിച്ചാണ് ഏപ്രില്‍ 14ന് ഇയാളെ അറസ്റ്റ് ചെയ്തത്. രാവിലെ 8.20നായിരുന്നു അറസ്റ്റ്. റിമാന്റില്‍ കഴിഞ്ഞിരുന്ന ടിജോയ്ക്ക് മെയ് നാലിനു നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഹാജരാക്കുകയും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതേസമയം ടിജോയെ ജയിലിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. പിന്നീട് അസുഖം മൂര്‍ച്ഛിച്ചപ്പോഴും ആംബുലന്‍സ് വിളിക്കാതെ ബസില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അഗളി പോലിസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടാണ് ടിജോ മരിച്ചതെന്ന് പിതാവ് തോമസും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനും പറഞ്ഞു. മെയ് നാലിന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത ടിജോയെ അഞ്ചാം തീയ്യതിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആറാം തീയ്യതി അര്‍ദ്ധരാത്രിയോടെ മരണപ്പെടുകയും ചെയ്തു. ചൊവ്വാഴ്ചയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. തലയിലേറ്റ ക്ഷതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ടിജോയുടെ പിതാവ് വെളിപ്പെടുത്തി. അഗളി സിഐ ഉള്‍പ്പടെ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. തന്റെ മകനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് മാതാവ് സിസിലിയും നിറകണ്ണുകളോടെ പറഞ്ഞു. കുടുംബത്തിന് ഏക ആശ്രയമായ മകന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ നാലു ജീവനുകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു.റിമാന്റിലിരിക്കെ യുവാവ് മരിച്ച സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ പോലിസുകാര്‍  വ്യാജമദ്യ മാഫിയയുടെ പിണിയാളുകളായി മാറിയിരിക്കുകയാണ്. അഗളിയിലെ ആദിവാസി യുവാവായ മധുവിന്റെ മരണം തന്നെ ഇതിന് ഉദാഹരണമാണ്. ജനങ്ങള്‍ ഇപ്പോള്‍ പോലിസിനെ ഭയക്കുകയാണ്. നാളിതുവരെ ഈ കേസില്‍ അന്വേഷണം ഒന്നും നടന്നിട്ടില്ലെന്നും പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പോലിസ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ അഗളി പഞ്ചായത്തംഗം ഫൈസല്‍, അഹമ്മദ് അഷ്‌റഫ് തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it