സഭയുടെ ആഭ്യന്തര പ്രശ്‌നമായി ലഘൂകരിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

കൊച്ചി: സിറോ മലബാര്‍ സഭയുടെ കീഴിലെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പന സഭയുടെ ആഭ്യന്തര പ്രശ്‌നമായി ലഘൂകരിക്കാന്‍ ശ്രമം നടക്കുന്നതായി കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ്. ഭൂമി കുംഭകോണവും നികുതിവെട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം റേഞ്ച് ഐജിക്ക് അസോസിയേഷന്‍ പ്രസിഡന്റ്് അഡ്വ. പോളച്ചന്‍ പുതുപ്പാറ പരാതിനല്‍കി. സിറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, വികാരി ജനറാള്‍ സെബാസ്റ്റിയന്‍ എന്നിവരെ പ്രതികളാക്കി കേസെടുക്കണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. പോലിസ് നടപടി സ്വീകരിക്കാത്തപക്ഷം സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രസിഡന്റ്് അഡ്വ. പോളച്ചന്‍ പുതുപ്പാറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംഭവത്തിനു പിന്നിലെ വന്‍ നികുതിവെട്ടിപ്പും സാമ്പത്തിക അഴിമതിയും ഒതുക്കാന്‍ ഇപ്പോള്‍ നീക്കം നടക്കുകയാണ്. സിനഡ് വിളിച്ച് ചേര്‍ത്തത് ഇതിന്റെ ഭാഗമാണെന്ന് അ ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ് കുറ്റസമ്മതം നടത്തിയാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. വിശ്വാസികളുടെ നേര്‍ച്ചപ്പണവും മറ്റും തട്ടിയെടുത്ത സംഭവം പൊതു അഴിമതിയുടെ പട്ടികയില്‍ വരുന്നതാണ്. മാത്രമല്ല വന്‍ നികുതിവെട്ടിപ്പ് നടത്തി സര്‍ക്കാരിനെ കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാനോന്‍ നിയമ പ്രകാരമു—ള്ള നടപടികള്‍ ഇക്കാര്യത്തില്‍ അപര്യാപ്തമാണ്. ഐപിസി 403, 405, 409, 415 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങളാണ് നടന്നത്. എന്നാല്‍, ഇത് സിവില്‍ സ്വഭാവത്തിലേക്ക് പരിമിതപ്പെടുത്താനാണ് നീക്കം. സഭയിലെ തെക്ക്-വടക്ക് ചേരിപ്പോരിന്റെ ഭാഗമാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ നീക്കമാണെന്നുമൊക്കെ പ്രചാരണമുണ്ട്. ഇതൊക്കെ തെറ്റായ വാര്‍ത്തകളാണ്. തുറന്ന നിയമലംഘനവും സാമ്പത്തിക അഴിമതിയുമാണ് പ്രശ്‌നം. ഡിസംബര്‍ 28ന് അതിരൂപതയുടെ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് അയച്ച സര്‍ക്കുലര്‍ ഈ കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചംവീശുന്നു. 2015 മെയ് 29ന് അങ്കമാലി തുറവൂര്‍ വില്ലേജിലെ മറ്റൂരില്‍ ലിറ്റില്‍ഫഌവര്‍ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജിനായി 23.22 ഏക്കര്‍ ഭൂമി വാങ്ങിച്ചു. 60 കോടി രൂപ ബാങ്ക് വായ്പയിലാണ് വസ്തു വാങ്ങിയത്. എന്നാല്‍ വസ്തു വാങ്ങുന്നതിനായി 40 കോടി മാത്രമേ ചെലവാക്കിയിട്ടുള്ളൂവെന്നാണ് രേഖ. 20 കോടിയുടെ കള്ളപ്പണ ഇടപാടാണ് ഇവിടെ നടന്നതെന്നു പരാതിയില്‍ പറയുന്നു.ഈ വസ്തു ഇടപാടിലെ ബാങ്കിന്റെ 60 കോടി കടം വീട്ടാന്‍ കൊച്ചി നഗരത്തിലെ മൂന്ന് ഏക്കറോളം വരുന്ന അഞ്ച് സ്ഥലങ്ങള്‍ വില്‍ക്കാന്‍ അതിരൂപതാ ആലോചനാ സമിതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, വികാരി ജനറാള്‍ സെബാസ്റ്റ്യന്‍ എന്നിവരെ ചുമതലപ്പെടുത്തി. ഈ വസ്തുക്കള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ചയാള്‍ മറിച്ചുവില്‍ക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, 36 പ്ലോട്ടുകളായി തിരിച്ചാണു ഭൂമി കച്ചവടം നടത്തിയത്. ഇത് രണ്ടു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുന്നതിനാണ്. ഇതിലൂടെ രണ്ടു കോടിയോളം രൂപ സര്‍ക്കാരിനെ കബളിപ്പിച്ച് തട്ടിയെടുത്തു. 27.3 കോടി പ്രതീക്ഷിച്ച വസ്തുവിന് കിട്ടിയത് 9.13 കോടി മാത്രമായിരുന്നു. ബാക്കി ലഭിക്കേണ്ട 18.17 കോടി ലഭിച്ചില്ല. പിന്നീട് മൂന്നു കക്ഷികളും ചേര്‍ന്ന് കോതമംഗലത്ത് 25 ഏക്കറും ദേവികുളത്ത് 17 ഏക്കര്‍ ഭൂമിയും വാങ്ങി. ഇത് ഉപകാരപ്രദമല്ലാത്തതായിരുന്നു. സഹായമെത്രാന്‍മാരുടെയും കാനോനി സമിതികളുടെയും വിലക്കുകള്‍ മറികടന്നായിരുന്നു ഈ ഇടപാട്. സര്‍ക്കാരിനെയും വിശ്വാസികളെ ഒന്നടങ്കവും വഞ്ചിച്ച ഈ ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it